മലങ്കര എസ്റ്റേറ്റ് ജാതി മതില്‍ വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിലെത്തും; ചന്ദ്രശേഖര്‍ ആസാദ്
Kerala News
മലങ്കര എസ്റ്റേറ്റ് ജാതി മതില്‍ വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിലെത്തും; ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th March 2021, 6:59 pm

തിരുവനന്തപുരം: മലങ്കര എസ്റ്റേറ്റിലെ ജാതി മതില്‍ വിഷയത്തില്‍ നടപടി ഉടനെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിലെത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തായിരുന്നു ചന്ദ്രശേഖറിന്റെ ട്വീറ്റ്.

‘അടിസ്ഥാന ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മലങ്കര എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ജാതി മതില്‍ ഭീം ആര്‍മി തകര്‍ത്തു. നീതി ഉറപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ ഭീം ആര്‍മി അംഗങ്ങളെ അറസ്റ്റ് ചെയ്തു. അവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉടന്‍ കേരളത്തിലെത്തും,’ ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 16നാണ് മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പൊളിച്ചുമാറ്റിയത്.

 

പിറ്റേന്ന് രാവിലെ തന്നെ പൊലീസ് സംരക്ഷണയില്‍ മതില്‍ പണിതുയര്‍ത്തിയതായി ഭീം ആര്‍മി പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ മുന്നില്‍വെച്ച് തന്നെ മതില്‍ പൊളിച്ചുമാറ്റിയെന്ന് ഭീം ആര്‍മി പറഞ്ഞു.

നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. കളക്ടര്‍ അടക്കമുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും എസ്റ്റേറ്റ് മാനേജ്മെന്റ് കേട്ടിരുന്നില്ല.

1993ല്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള വഴിയുടെ പ്രശ്‌നം കൊണ്ട് 11 കുടുംബങ്ങളാണ് താമസിക്കാനെത്തിയത്.

ഇവരില്‍ കുറച്ചുപേര്‍ വഴിയില്ലാത്തത് കൊണ്ട് മാത്രം സ്ഥലം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്‌മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചത്.

അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്തപക്ഷം മതിലിനു മുകളിലൂടെ ചാടിക്കടക്കണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Chandrasekhar Azad On Malankara Jathi Gate