| Saturday, 10th October 2020, 6:14 pm

100 കോടിയൊന്നും വേണ്ട, ഒരു ലക്ഷമെങ്കിലും എന്റെ പക്കലുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടാം, മറിച്ചാണെങ്കില്‍ നിങ്ങള്‍ രാജിവെക്കുമോ? യോഗിയെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസ് സംഭവത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ക്ക് പണം ലഭിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ആസാദ് പറഞ്ഞു.

‘ഏത് അന്വേഷണത്തിനും ഉത്തരവിടാന്‍ യോഗി ആദിത്യനാഥ്ജിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. 100 കോടി രൂപയുടെ കാര്യം മറന്നേക്കൂ. എന്റെ പക്കല്‍ നിന്ന് ഒരുലക്ഷം രൂപയെങ്കിലും കണ്ടെടുത്താല്‍ ഞാന്‍ രാഷ്ട്രീയം വിടാം. മറിച്ചാണെങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. എന്റെ ജീവിതം എന്റെ അന്തസിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്റെ സമുദായമാണ് എന്റെ ചിലവുകള്‍ വഹിക്കുന്നത്’, ആസാദ് ട്വീറ്റ് ചെയ്തു.

നീതി തേടുന്നത് ഉത്തര്‍പ്രദേശില്‍ രാജ്യാന്തര ഗൂഢാലോചനയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഹാത്രാസ് സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചിരുന്നു. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇ.ഡി തള്ളിക്കളഞ്ഞത്.

ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ഇ.ഡി പറഞ്ഞിരുന്നു.

ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മിയും മറ്റ് സംഘടനകളും ശ്രമിക്കുന്നുണ്ടെന്ന് യു.പി മുന്‍ ഡി.ജി.പി ബ്രിജ് ലാല്‍ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.

നേരത്തെ, ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടതിന് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.

സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandrasekhar Azad Challenge Yogi Adithyanath Hathras

We use cookies to give you the best possible experience. Learn more