| Friday, 20th December 2019, 8:59 pm

ചന്ദ്രശേഖര്‍ ആസാദ് ജുമഅ മസ്ജിദില്‍; പിടികൂടാന്‍ പൊലീസ്, വിട്ടുതരില്ലെന്ന് പ്രതിഷേധക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദല്‍ഹി ജുമഅ മസ്ജിദിനകത്ത് തുടരുന്നു. ആസാദിനെ കസ്റ്റഡിയിലെടുക്കുന്നതിന് വേണ്ടി പൊലീസ് മസ്ജിദ് പരിസരത്തെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം.

ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇവര്‍ മസ്ജിദിന് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്. ആസാദിനോടൊപ്പം ഭീം ആര്‍മി പ്രവര്‍ത്തകരും ഉണ്ട്.

മസ്ജിദിനകത്ത് നിന്ന് പുറത്ത് പോവണമെന്ന് ഇമാം ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയും ബി.ആര്‍ അംബേദ്ക്കറുടെ ചിത്രവും ഇന്ത്യന്‍ പതാകയും ഉയര്‍ത്തിപ്പിടിച്ച് ദല്‍ഹി ജുമഅ മസ്ജിദിന് മുന്‍പില്‍ കൂറ്റന്‍ പ്രതിഷേധം നടന്നിരുന്നു. അനുമതിയില്ലാതെയായിരുന്നു പ്രതിഷേധം.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ദല്‍ഹി ജുമഅ മസ്ജിദ് പരിസരം പ്രതിഷേധക്കടലാവുകയായിരുന്നു. അംബേദ്ക്കറിന്റെ ചിത്രം അടങ്ങിയ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

ഇന്ന് വെള്ളിയാഴ്ചയായതുകൊണ്ട് ജുമഅ നമസ്‌ക്കാരത്തിന് ശേഷം പുറത്തെത്തിയ ശേഷമാണ് ഇവര്‍ സംഘടിച്ചത്. ഇന്ത്യാ ഗേറ്റിന് സമീപവും തുടര്‍ പ്രതിഷേധങ്ങള്‍ ഉണ്ട്. ജാമിഅ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

ദല്‍ഹിയിലെ നിരോധനാജ്ഞയെയെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് ജുമഅ മസ്ജിദില്‍ നടന്നത്. ദേശീയ പതാക ഉയര്‍ത്തിയാണ് പലരും പ്രതിഷേധത്തിന് എത്തിയത്. ശക്തമായ പ്രക്ഷോഭത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്. ആളുകള്‍ക്ക് ചലിക്കാന്‍ കഴിയാത്ത രീതിലുള്ള ജനപങ്കാളിത്തമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

ജുമഅ മസ്ജിദില്‍ നിന്നും ജന്തര്‍മന്തിറിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു നേരത്തെ ഭീം ആര്‍മി തീരുമാനിച്ചത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പള്ളി ഇമാമിനോട് ഇത്തരമൊരു റാലിക്ക് അനുമതി നല്‍കരുതെന്ന് ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇമാം തന്നെ പ്രതിഷേധക്കാരോട് മസ്ജിദിന് പുറത്ത് പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more