| Thursday, 18th August 2022, 10:25 am

മക്കെല്ലം പോയാല്‍ പോട്ടെ, പകരം പരിശീലകനായി എത്തുന്നത് ഇന്ത്യയുടെ അലക്‌സ് ഫെര്‍ഗൂസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മുന്‍ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇനി പുതിയ പരിശീലകന്‍. ആഭ്യന്തര ക്രിക്കറ്റിലെ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന് വിൡപ്പെടുന്ന ചന്ദ്രകാന്ത് പണ്ഡിറ്റിനെയാണ് ടീം കോച്ചായി നിയമിച്ചിരിക്കുന്നത്.

നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചായതോടെയാണ് നൈറ്റ് റൈഡേഴ്‌സ് പുതിയ പരിശീലകനായുള്ള അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം ചെന്നെത്തിയതാവട്ടെ ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന ഇതിഹാസത്തിന് മുമ്പിലും.

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച മാനേജറായിരുന്ന സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസനുമായിട്ടാണ് ചന്ദ്രകാന്തിനെ താരതമ്യം ചെയ്യുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇദ്ദഹം ആരാണെന്ന് മനസിലാവും.

1986 മുതല്‍ 2013 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ച ഫെര്‍ഗി ടീമിന് നേടിക്കൊടുത്ത നേട്ടങ്ങള്‍ ചില്ലറയല്ല. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തവണ ടീമിനെ കിരീടനേട്ടത്തിലെത്തിച്ച മാനേജറും ഫെര്‍ഗൂസന്‍ തന്നെയാണ്. സമാനമായ നേട്ടങ്ങളാണ് പണ്ഡിറ്റ് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ടീമുകള്‍ക്ക് നേടിക്കൊടുത്തത്.

ട്വിറ്ററിലൂടെയാണ് ചന്ദ്രകാന്തിനെ കോച്ചായി നിയമിച്ച വാര്‍ത്ത കെ.കെ.ആര്‍ പുറത്തുവിട്ടത്.

‘നമുക്ക് പുതിയ ഹെഡ് കോച്ച് എത്തിയിരിക്കുന്നു. ചന്ദ്രകാന്ത് പണ്ഡിറ്റിന് നൈറ്റ് റൈഡേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം,’ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നായിരുന്നു ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത്.

ആഭ്യന്തര ക്രിക്കറ്റിലെ പുലിയായിരുന്ന പണ്ഡിറ്റിനെ കോച്ചായി ലഭിച്ചതോടെ ഐ.പി.എല്ലിന്റെ വരും സീസണുകളില്‍ കെ.കെ.ആര്‍ കത്തിക്കയറുമെന്നുറപ്പാണ്.

രഞ്ജി ട്രോഫിയിലെ വമ്പന്‍ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പരിചയസമ്പത്താണ് പണ്ഡിറ്റിന് കൈമുതലായിട്ടുള്ളത്. മുംബൈ, വിദര്‍ഭ, മധ്യപ്രദേശ് തുടങ്ങിയ ടീമുകളെല്ലാം തന്നെ പണ്ഡിറ്റിന്റെ കൈകളിലൂടെ കടന്നുപോയവരാണ്.

കഴിഞ്ഞ സീസണില്‍ മധ്യപ്രദേശിനെ ചാമ്പ്യന്‍മാരാക്കിയാണ് പണ്ഡിറ്റ് തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തുവെച്ചത്. 2018, 2019 വര്‍ഷങ്ങളില്‍ വിദര്‍ഭയെ കിരീടമണിയിച്ചതും ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ചാണക്യതന്ത്രങ്ങളായിരുന്നു.

ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റും 36 ഏകദിനവുമാണ് പണ്ഡിറ്റ് കളിച്ചത്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള പണ്ഡിറ്റ് 48 ശരാശരിയില്‍ 8,000+ റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Chandrakant Pandit appointed as Kolkata Knight Riders’ head coach

We use cookies to give you the best possible experience. Learn more