കുറേ കാലമായി പ്രതിപക്ഷത്തായിട്ട്; മണ്ഡലങ്ങളുടെ വികസനത്തിന് വേണ്ടിയാണ് കൂറുമാറിയതെന്ന് ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എ
national news
കുറേ കാലമായി പ്രതിപക്ഷത്തായിട്ട്; മണ്ഡലങ്ങളുടെ വികസനത്തിന് വേണ്ടിയാണ് കൂറുമാറിയതെന്ന് ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 7:52 am

പനാജി: പ്രതിപക്ഷത്ത് ഇരുന്ന് നിരാശരായിട്ടാണ് 10 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേരാന്‍ തീരുമാനിച്ചതെന്ന് ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത്കാവ്‌ലേക്കര്‍.

‘പ്രതിപക്ഷത്തായിട്ട് കുറേ കാലമായി. മണ്ഡലങ്ങളുടെ വികസനം സാധ്യമാകാതെ പ്രതിപക്ഷത്തിരിക്കുന്നത് സാധ്യമല്ല. മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനും വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്താനുമാണ് പാര്‍ട്ടി വിട്ടത്.’  ചന്ദ്രകാന്ത്കാവ്‌ലേക്കര്‍ പറഞ്ഞു.

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ യോജിപ്പില്ലായിരുന്നുവെന്നും കാവ്‌ലേക്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരണം അസാധ്യമാകുമെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന് ഇപ്പോള്‍ 5 എം.എല്‍.എമാരാണ് സഭയിലുള്ളത്. ബി.ജെ.പിയ്ക്ക് ഇപ്പോള്‍ 27ഉം ആയിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഗോവ എം.എല്‍.എ മാരുടെ നീക്കം.