ചന്ദ്രബോസ് വധക്കേസ്: നിസ്സാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിന തടവും
Daily News
ചന്ദ്രബോസ് വധക്കേസ്: നിസ്സാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിന തടവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2016, 12:57 pm

nissam668

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസ്സാമിന് ജീവപര്യന്തം തടവും 80,30000  രൂപ പിഴയും വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

302 വകുപ്പ് പ്രകാരം ജീവപര്യന്തവും മറ്റ് വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം 24 വര്‍ഷവും തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

302 വകുപ്പ് പ്രകാരം ജീവപര്യന്തം, 323 വകുപ്പ് പ്രകാരം 1 വര്‍ഷംതടവ്, 324 വകുപ്പ് പ്രകാരം 3 വര്‍ഷം തടവ്,  326 വകുപ്പ് പ്രകാരം 10 വര്‍ഷംതടവ്, 427 വകുപ്പ് പ്രകാരം 3 വര്‍ഷം തടവ്, 449 വകുപ്പ് പ്രകാരം 4 വര്‍ഷം തടവ്, 506 വകുപ്പ് പ്രകാരം 3 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷാ കാലാവധി

പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറഞ്ഞു. വിധിയില്‍ അതൃപ്തരാണെന്ന് ചന്ദ്രബോസിന്റെ കുടുംബം പ്രതികരിച്ചു.

ചന്ദ്രബോസ് വധക്കേസില്‍ നിഷാം കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷചുമത്തിയിട്ടുള്ളത്.

മൂന്ന് കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്.
കേസില്‍ നിഷാം മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു.

നേരത്തെ കേസില്‍ ജാമ്യപേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി  31നകം വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് നിഷാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു.

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ശ്രമവുമുണ്ടായെങ്കിലും ഹൈകോടതിയും, സുപ്രീംകോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു. വാദം പൂര്‍ത്തിയായതിന് ശേഷവും സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷയത്തെിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു.

നിഷാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു വാദം ഉപസംഹരിച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു ആവശ്യപ്പെട്ടത്.

എന്നാല്‍, പരുക്കു പറ്റിയ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നും ചികിത്സിച്ച ഡോക്ടര്‍മാരെയാണ് പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയുടെ അന്തിമവാദം.

ഒന്നാം ദൃക്‌സാക്ഷി ആദ്യ ദിനത്തില്‍ കൂറുമാറുകയും പിന്നീട് മജിസ്‌ട്രേറ്റിന്റെ രഹസ്യമൊഴിയിലേക്ക് മാറിയതും, എട്ടാം സാക്ഷി കൂടിയായ നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതുമാണ് കേസിലെ മറ്റ് വിവാദങ്ങള്‍.