| Tuesday, 22nd March 2016, 12:39 pm

ചന്ദ്രബോസ് വധക്കേസ്: ശിക്ഷ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് നിഷാം ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിഷാം ശിക്ഷ വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍.

വധക്കേസുമായി ബന്ധപ്പെട്ട് നടന്നത് സത്യസന്ധമായ അന്വേഷണവും വിചാരണയുമല്ലെന്നും വധക്കേസുമായി ബന്ധപ്പെട്ട് നടന്നത് മാധ്യമ വിചാരണയാണെന്നും നിഷാം ഹര്‍ജിയില്‍ പറയുന്നു.

കേസിലെ ദൃക്‌സാക്ഷി മൊഴികള്‍ വിശ്വസനീയമല്ലെന്നും നിഷാം പറയുന്നു. നിഷാമിന്റ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍  മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവുമായിരുന്നു തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധിച്ചത്.

302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 80.3 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.  303 വകുപ്പ് പ്രകാരം ഒരു വര്‍ഷം, 324 പ്രകാരം മൂന്ന് വര്‍ഷം, 326 പ്രകാരം 10 വര്‍ഷം, 427 പ്രകാരം 2 വര്‍ഷം, 449 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം, 506 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് 24 വര്‍ഷം തടവ്.  ഇതില്‍ 50 ലക്ഷംരൂപ ചന്ദ്രബോസിന്റെ ഭാര്യക്ക്  നല്‍കണമെന്നും  കോടതി ഉത്തരവിട്ടിരുന്നു

കൊലപാതകമടക്കം ഏഴ് വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 3.15ന് ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലത്തെിയ നിഷാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more