ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ മൂന്നുമാസം കൂടി വിചാരണ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു.
നീതിപൂര്‍വകമായ വിചാരണക്കായി സമയം നീട്ടിക്കിട്ടണമെന്നാണ് ഹരജിയില്‍ ഉന്നയിച്ച ആവശ്യം. ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു.
സാധാരണക്കാരന്റെ ജീവിതത്തിന് വിലകല്‍പ്പിക്കാത്തയാളാണ് നിസാമെന്നും പ്രതിയുടെ തന്‍പോരിമയും ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതിനിരീക്ഷിച്ചിരുന്നു.
ജനുവരി ആദ്യ ആഴ്ചയോടെ തൃശൂര്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ വിധി പുറപ്പെടുവിക്കുമെന്ന് കരുതിയിരിക്കെയാണ് നിസാമിന്റെ പുതിയ ഹര്‍ജി.
കേസ് വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതിഭാഗത്തിന്റെ ഹരജികള്‍ എല്ലാം ഹൈകോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.
ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് സമര്‍പിച്ചത്. 111 പേരുള്ള സാക്ഷിപ്പട്ടികയും 24 തൊണ്ടി മുതലുകളടക്കം 65 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.