ന്യൂദല്‍ഹി: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് ചന്ദ്രബാബു നായിഡു. അതിനായി രാഹുല്‍ ഗാന്ധിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയായിരുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഭൂതകാലത്തിലേക്ക് ഇപ്പോള്‍ നോക്കുന്നില്ല. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയിലും മാത്രമാണ് ശ്രദ്ധിക്കുന്നത്, ചന്ദ്രബാബു നായിഡു പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനും പ്രതിപക്ഷ സംഖ്യം രൂപപ്പെടുത്തുന്നതിനും ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദ്രബാബു നായിഡു എന്‍.ഡി.എയുമായി തെറ്റിയത്. തുടര്‍ന്നാണ് വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.