വിജയവാഡ: അഴിമതിക്കേസില്‍ ടി.ഡി.പി നേതാവും ആന്ധ്ര മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രണ്ട് വര്‍ഷത്തിനുള്ളില്‍ ജയിലിലാവുമെന്ന് ആന്ധ്രയുടെ ചുമതല വഹിക്കുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ദിയോധര്‍.
ടി.ഡി.പിയുടെ ഭരണകാലത്ത് വലിയ അഴിമതി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ഇതിന്റെ തെളിവുകള്‍ കേന്ദ്രത്തിന് അയച്ചുകൊടുത്ത് അന്വേഷണം നടത്തണമെന്നും ദിയോധര്‍ പറഞ്ഞു.
‘കേന്ദ്രം നല്‍കിയ പണം ജനങ്ങളിലേക്കെത്തിയിട്ടില്ല. എവിടേക്കാണ് പണം പോയത്. ഇത് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ തെളിവുകള്‍ അന്വേഷണത്തിനായി സി.ബി.ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും അയച്ചുകൊടുക്കും’ സുനില്‍ ദിയോധര്‍ പറഞ്ഞു.
അഴിമതി വിരുദ്ധ ഭരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയതിനാല്‍ ടി.ഡി.പിയുടെ അഴിമതിയ്‌ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഢി നടപടിയെടുക്കണമെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.
നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതിനാല്‍ ടി.ഡി.പിയും കോണ്‍ഗ്രസിനെ പോലെ കാലിയാകുമെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പറഞ്ഞിരുന്നു.