എന്‍. ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 12ന്
national news
എന്‍. ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 12ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 2:17 pm

അമരാവതി: ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 12ന് രാവിലെ 11:27ന് കൃഷ്ണ ജില്ലയിലെ ഗണ്ണവാരത്ത് വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൃഷ്ണ ജില്ലയിലെ ഗണ്ണവാരത്തുള്ള കേസരപള്ളി ഐ.ടി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

സത്യപ്രതിജ്ഞ അമരാവതിയില്‍ വെച്ച് നടത്താന്‍ തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ബി.ജെ.പിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമുള്ള നിരവധി കേന്ദ്ര നേതാക്കളെ ക്ഷണിക്കുകയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തതിനാല്‍ ഗണ്ണവാരം വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. എയര്‍ പോര്‍ട്ടിനടുത്താണ് വേദി.

മെയ് 13നായിരുന്നു ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ടി.ഡി.പി യുടെ നേതൃത്വത്തിലുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിരുന്നു. ജെ.എസ്.പി യും, ടി.ഡി.പിയും ബി.ജെ.പിയും അടങ്ങുന്ന സഖ്യം തെരഞ്ഞെടുപ്പില്‍ 164 സീറ്റുകളാണ് നേടിയത്. ടി.ഡി.പി ഒറ്റയ്ക്ക് 135 സീറ്റുകള്‍ നേടിയപ്പോള്‍ ജെ.എസ്.പി 21 സീറ്റുകള്‍ നേടി. ബി.ജെ.പി 8 സീറ്റുകളും നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന ഗവര്‍ണറും എസ്. അബ്ദുള്‍ നസീറും മറ്റ് പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി നീരഭ് കുമാര്‍ പ്രസാദ് പറഞ്ഞു.

ചടങ്ങിന്റെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത ചീഫ് സെക്രട്ടറി, മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എസ്. പദ്യുമ്‌നയെ നിയമിച്ചു.

Content Highlight: Chandrababu Naidu to be sworn in as Andhra CM at Gannavaram, on June 12