| Tuesday, 31st December 2024, 9:19 am

രാജ്യത്തെ സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമന്‍ പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ സമ്പന്നനായ മുഖ്യമന്ത്രി.

931 കോടിയലധികം വരുന്ന ആസ്തിയാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരിലുള്ളത്. 10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും നാമനിര്‍ദേശ പത്രികകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി രൂപയാണ്.

സമ്പന്നരായ മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മൂന്നാം സ്ഥാനത്ത് കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുമാണ്. 332 കോടിയിലധികമാണ് പേമ ഖണ്ഡുവിന്റെ ആസ്തി.

51 കോടിയിലധികം ആസ്തിയാണ് സിദ്ധരാമയ്യക്കുള്ളത്. കര്‍ണാടക മുഖ്യമന്ത്രിയുടെ പേരില്‍ 28 കോടിയുടെ ബാധ്യതയുമുണ്ട്. 2024 ലെ പേമയുടെ സ്വയം വരുമാനം പൂജ്യവും സിദ്ധരാമയ്യയുടെ വരുമാനം 20 ലക്ഷത്തിലധികവുമാണ്.

റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്. 15 ലക്ഷത്തിലധികം വരുന്ന ആസ്തിയാണ് മമത ബാനര്‍ജി രേഖപ്പെടുത്തിയത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് രണ്ടാം സ്ഥാനത്ത്. 55 ലക്ഷം മൂല്യമുള്ള ആസ്തിയാണ് ഒമറിന്റെ ഉടമസ്ഥതയിലുള്ളത്.

ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 1,18,75,766 രൂപയാണ് പിണറായി വിജയന്റെ ആസ്തി. കേരള മുഖ്യമന്ത്രിയുടെ ജംഗമ സ്വത്തുക്കളുടെ മൂല്യം 31,80,766 രൂപയും സ്ഥാവര സ്വത്തുക്കളുടെ മൂല്യം 86,95,000 രൂപയുമാണ്.

രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ രണ്ടുപേര്‍ മാത്രമാണ് സ്ത്രീകള്‍. മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അതിഷിയും. 2023-2024 കാലയളവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ അറ്റ ദേശീയ വരുമാനം (എന്‍.എന്‍.ഐ) ഏകദേശം 1,85,854രൂപയായിരുന്നു.

അതേസമയം ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണ്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ 7.3 ഇരട്ടിയാണ്.

Content Highlight: Chandrababu Naidu, the richest Chief Minister of the country; Pinarayi Vijayan is third among those with less assets

We use cookies to give you the best possible experience. Learn more