എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ചന്ദ്രബാബു നായിഡു
national news
എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ചന്ദ്രബാബു നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2024, 12:14 pm

അമരാവതി: എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. എന്‍.ഡി.എക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.

ഇന്ന് ചര്‍ച്ചകള്‍ക്ക് വേണ്ടി ദല്‍ഹിയിലേക്ക് പോവുകയാണെന്നും നായിഡു പറഞ്ഞു. ഒപ്പം ടി.ഡി.പിയുടെ വിജയത്തിന് വേണ്ടി കൂടെ നിന്ന ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

‘ഉയര്‍ച്ചയും താഴ്ച്ചയും രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. ഇത് ഒരു ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു. വിദേശത്തായിരുന്ന ആളുകള്‍ പോലും നാട്ടിലേക്ക് തിരിച്ചെത്തി ടി.ഡി.പിക്ക് വേണ്ടി വോട്ട് ചെയ്തു. നിരവധി രാത്രികളില്‍ ഉറക്കമില്ലാതെ നടത്തിയ പ്രവര്‍ത്തനമാണ് ടി.ഡി.പിയെ ഇന്ന് വിജയത്തിലെത്തിച്ചത്. അതിനായി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇന്ന് ഞങ്ങള്‍ വിജയിച്ചു,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

ടി.ഡി.പിയുടെ പോരാട്ടത്തിനൊപ്പം ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്ല്യാണും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടെ നിന്ന ബി.ജെ.പിക്കും ജനസേന പാര്‍ട്ടിക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് ഇല്ലാത്തതിനാല്‍ ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെയും നിലപാടായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക.. ഇതനുസരിച്ച് ഇരു നേതാക്കളും ബി.ജെ.പിയുമായി വിലപേശല്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ടി.ഡി.പിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കാനും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാനും നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ തന്നെ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് ബി.ജെ.പി തയ്യാറാകേണ്ടി വരും.

ഇന്ത്യാ മുന്നണി നേതാക്കള്‍ ഇരുവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ നിതീഷ് കുമാറോ ചന്ദ്രബാബു നായിഡുവോ ഇതുവരെ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിനിടെ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് എന്‍.ഡി.എ കേവല ഭൂരിപക്ഷമായ 292ല്‍ എത്തിയത്. ആകെ 240 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ബിഹാറില്‍ ജെ.ഡി.യു 12സീറ്റും
ആന്ധ്രാപ്രദേശില്‍ ടി.ഡി.പിക്ക് 16 സീറ്റും മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: Chandrababu Naidu said will stand firm with NDA