|

ചന്ദ്രബാബു നായിഡു രാജിവെച്ചു; ജഗന്‍ മോഹന്‍ റെഡ്ഢി 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെത്തുടര്‍ന്നു മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കി. രാജി ഗവര്‍ണര്‍ അംഗീകരിച്ചു.

സംസ്ഥാനത്തെ 175 സീറ്റുകളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നായിഡുവിന്റെ ടി.ഡി.പി 30 സീറ്റുകള്‍ നേടിയപ്പോള്‍ വൈ.എസ്.ആര്‍.സി.പി നേടിയത് 144 സീറ്റാണ്. ജനസേനാ പാര്‍ട്ടിക്ക് ഒരു സീറ്റാണുള്ളത്.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റുപോലും ഇവിടെയില്ല. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പാര്‍ട്ടിയാണ് വൈ.എസ്.ആര്‍.സി.പി. മെയ് 25-ന് അമരാവതിയില്‍ പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30-ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. ജനങ്ങളുടെ വിജയമെന്നാണു ജഗന്‍ പ്രതികരിച്ചത്.

പാര്‍ട്ടി ദയനീയ പരാജയം നേരിട്ടെങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടിനു വിജയിച്ചു. തന്റെ കുത്തക മണ്ഡലമായ കുപ്പത്ത് വൈ.എസ്.ആര്‍.സി.പി സ്ഥാനാര്‍ഥി കെ. ചന്ദ്രമൗലിയെയാണ് അ്‌ദ്ദേഹം പരാജയപ്പെടുത്തിയത്.

നിയമസഭയില്‍ ആധികാരിക വിജയം നേടിയതിനു പുറമേ ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍.സി.പി സംസ്ഥാനം തൂത്തുവാരി. ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിലും ജഗന്റെ പാര്‍ട്ടി വിജയം കണ്ടു. ഇരു സഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം കണ്ട ജഗനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.

2014-ല്‍ സംസ്ഥാനത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലാണ് ടി.ഡി.പി വിജയിച്ചത്. അന്ന് 63 സീറ്റുകളിലാണ് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) വിജയം കണ്ടത്.