ന്യൂദല്‍ഹി: വോട്ടെടുപ്പിന്റെ അവസാനഘട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബി.ജെ.പി-ഇതര മുന്നണിയുടെ സാധ്യതകള്‍ സജീവമാക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ടി.ഡി.പി അധ്യക്ഷനായ നായിഡു ഓടിനടന്ന് കണ്ടുതീര്‍ത്തത് ആറു പ്രമുഖ പ്രതിപക്ഷനേതാക്കളെയാണ്.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെയാണ് നായിഡു ഇന്നു കണ്ടത്.
തുടര്‍ന്നും ഇന്നു കൂടിക്കാഴ്ചകളുണ്ടോയെന്ന കാര്യം വ്യക്തമല്ല. രാഹുലുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു ലഖ്‌നൗവില്‍ ഓടിയെത്തി നായിഡു അഖിലേഷിനെയും മായാവതിയെയും കണ്ടത്.
തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതകളിലേക്കാണ് നായിഡു കണ്ണുവെയ്ക്കുന്നത്. ബി.ജെ.പിക്കെതിരേ നിലപാടെടുക്കുന്ന ഏത് പാര്‍ട്ടികളെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നായിരുന്നു തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ കാര്യം ചോദിച്ചപ്പോള്‍ നായിഡു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
നാഥുറാം ഗോഡ്‌സെയെ അനുകൂലിച്ചു സംസാരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ഇന്നുതന്നെ നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.
ഈമാസമാദ്യം നായിഡു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ രണ്ട് റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
മുന്‍പും പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നായിഡു. ബി.ജെ.പി ഇതര സര്‍ക്കാരിനായി പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരന്തരം സംസാരിക്കുന്ന നായിഡു തനിക്കു പ്രധാനമന്ത്രി പദത്തില്‍ മോഹമില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.