ന്യൂദല്‍ഹി: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടിനേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നീക്കം.
ദല്‍ഹിയിലെത്തി അദ്ദേഹം ബി.എസ്.പി. നേതാവ് മായാവതി, എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാള്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ നായിഡു, രാജ്യത്തെ രക്ഷിക്കാന്‍ തന്നാലാവുന്നതു ചെയ്യുമെന്നും വ്യക്തമാക്കി.
“ഒരു ഐക്യമുണ്ടാക്കി ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഒരു സംഘാടകനായാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് പ്രധാനമാന്ത്രിയാവാന്‍ താല്‍പ്പര്യമില്ല”. ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
താന്‍ ഡല്‍ഹിയില്‍ വന്നതു പരാതി പറയാനല്ലെന്നും പരിഹാരം തേടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുക്തിയുടെ അടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കേണ്ടത് ജനങ്ങളാണെന്നും അവരെ ബോധവത്കരിക്കാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. മതേതരത്വം ഭീഷണിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഈ സര്‍ക്കാരിനുകീഴില്‍ തകര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷത്തുള്ളവരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു. സ്ത്രീകള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുന്നു. യുവാക്കളും സംതൃപ്തരല്ല. തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്”- ചന്ദ്രബാബു നായിഡു ആരോപിച്ചു.
കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യം പ്രായോഗികമല്ലെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാടെന്ന് ടി.ഡി.പി. വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തെ കാണില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു നായിഡുവിന്റെ പ്രതികരണം.