സംസ്ഥാനത്ത് വിജയം സുനിശ്ചിതം; എക്‌സിറ്റ് പോള്‍ തോല്‍വി പ്രവചിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ തെലുഗു ദേശം പാര്‍ട്ടി
D' Election 2019
സംസ്ഥാനത്ത് വിജയം സുനിശ്ചിതം; എക്‌സിറ്റ് പോള്‍ തോല്‍വി പ്രവചിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ തെലുഗു ദേശം പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 3:03 pm

അമരാവതി:ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടിക്ക് എക്‌സിറ്റ് പോള്‍ തോല്‍വി പ്രവചിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡു. സംസ്ഥാനതത് തെലുഗു ദേശം പാര്‍ട്ടി തന്നെ അധികാരത്തില്‍ എത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ടി.ഡി.പി നേതാക്കളുമായുള്ള ടെലി കോണ്‍ഫറന്‍സിലായിരുന്നു ചന്ദ്രബാബുനായിഡു സംസ്ഥാനത്തെ പാര്‍ട്ടിയുടെ വിജയം ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞത്.

175 അംഗ മന്ത്രി സഭയില്‍ പാര്‍ട്ടിക്ക് 110 സീറ്റ് കിട്ടുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതീക്ഷ.നമ്മുടെ സീറ്റ് 120-130 ലേക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇന്നലെ വന്ന എക്‌സിറ്റ് പോളിലെല്ലാം സംസ്ഥാനത്ത് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രവചനം.

എക്‌സിറ്റ് പോളുകളൊന്നും യഥാര്‍ത്ഥ പോളുകളല്ലെന്ന അവകാശപ്പെട്ട് ഉപരാഷ്ട്രപതിയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ലയെന്നും 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞിരുന്നു.

എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.