| Thursday, 25th February 2021, 1:12 pm

'എന്തിന് ഈ ഏകാധിപത്യം യുവാക്കള്‍ സഹിക്കണം,ജോലി ചോദിച്ചാല്‍ ലാത്തിച്ചാര്‍ജാണിവിടെ': ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം രാജ്യത്തെമ്പാടും ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും യുവാക്കളെന്തിനീ ഏകാധിപത്യ ഭരണം സഹിക്കണം എന്നുമാണ് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചത്.

” തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. ജോലി ചോദിക്കുന്നവരെ ലാത്തിച്ചാര്‍ജ് ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്തിനാണ് ഈ ഏകാധിപത്യം യുവാക്കള്‍ സഹിക്കേണ്ടത്,” ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു.

ഞായറാഴ്ചയിലെ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിന് പിന്നാലെ അഞ്ച് ദിവസമായി ‘മോദി റോസ് ഗര്‍ ദോ’ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരാണ് ഈ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മിനുറ്റുകള്‍ക്കൊണ്ടാണ് തൊഴില്‍ ഇല്ലായ്മക്കെതിരെ ട്വിറ്ററില്‍ ആരംഭിച്ച ക്യാമ്പയിനില്‍ ആളുകള്‍ അണിനിരക്കുന്നത്.

കൂടുതലും വിദ്യാര്‍ത്ഥികളാണ് വര്‍ദ്ധിക്കുന്ന തൊഴില്‍ ഇല്ലായ്മയില്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ വലിയ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ നേടിയിട്ടും തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
മോദിയുടെ വാചകമടി കൊണ്ട് മാത്രം കാര്യമില്ല തങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.

റെയില്‍വേ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വ്വീസിലേക്ക് ആളുകളെ എടുക്കാന്‍ വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ പറഞ്ഞ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നും ഒരുപാട് പേര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

സ്വകാര്യവത്കരണത്തിലൂടെ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് എന്ന വിമര്‍ശനവും വലിയ തോതില്‍ ഉയരുന്നുണ്ട്.നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ ഭാ?ഗമായി റെയില്‍വെയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Chandra Shekhar Azad Criticizes Unemployment in India

We use cookies to give you the best possible experience. Learn more