ഹൈദരബാദ്: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനകള്‍ നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.
തമിഴ്‌നാട്ടില്‍ ഭരണം നടത്തുന്നത് ജനങ്ങളാണ്, തെലങ്കാനയിലും അങ്ങനെയായിരിക്കും, ഒരിക്കലും ദല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് കീഴടങ്ങില്ല. ചന്ദ്രശേഖര റാവു പറഞ്ഞു. പ്രഗതി നിവേദന സഭ എന്ന പേരില്‍ ഹൈദരബാദില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഞങ്ങള്‍ ജീവിക്കുന്നിടത്ത് പുരുഷന്മാര്‍ മാപ്പു പറയേണ്ടതില്ല: പരിഹാസവുമായി തസ്ലിമ നസ്രീന്‍
സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി ആലോചിക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ തള്ളിയ മുഖ്യമന്ത്രി തല്‍ക്കാലം അങ്ങനെയൊരു ആലോചനയില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ തനിക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എല്ലാം സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പിന് ടി.ആര്‍.എസ് എപ്പോഴും തയ്യാറാണെന്നും, പാര്‍ട്ടി വിജയിക്കുമെന്ന് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ടെന്നും റാവുവിന്റെ മകന്‍ കെ.ടി രാമ റാവു മാധ്യമങ്ങളോട് പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ കക്ഷികള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും കെ.ടി രാമ റാവു പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ഇല്ലാത്ത മുന്നണിയാണ് ലക്ഷ്യമെന്നും രാമ റാവു പറയുന്നുണ്ട്. ജന താല്പര്യം അനുസരിച്ചായിരിക്കും തീരുമാനം.