| Thursday, 13th April 2017, 7:19 am

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പൊലീസ് ഭീകരത; ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗണ്ഡ്: പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ അനധികൃത ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. അനധികൃതമായി നടപ്പാക്കിയ വന്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അക്രമം അഴിച്ച് വിട്ടത്.


Also read സമരത്തില്‍ പങ്കെടുത്ത സ്ത്രീയുടെ മുഖത്തടിച്ച് പുരുഷ പൊലീസ്; വീഡിയോ കാണാം 


സമാധാനപരമായി നടത്തിയ വിദ്യാര്‍ഥിസമരത്തിന് നേരെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയത്. പൊലീസ് അക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. 66 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. വിദ്യാര്‍ത്ഥികളുടെ തലയ്ക്കും മുഖത്തിനുമാണ് പരുക്കേറ്റിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഛണ്ഡിഗഡ് പൊലീസാണ് യൂണിവേഴ്‌സിറ്റിയില്‍ വി.സിയുടെ ഓഫീസിലേക്ക് മാര്‍ച്ച നടത്തിയതിന്റെ പേരില്‍ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. കാമ്പസിനുള്ളില്‍ കടന്നായിരുന്നു പൊലീസ് അതിക്രമം. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റി സസ്‌പെന്റും ചെയ്തിട്ടുണ്ട്.


Dont miss ‘ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴങ്ങി’; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 


കോഴ്‌സ് ഫീസില്‍ 110 ശതമാനം വരെ വര്‍ധനവ് വരുത്തിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. 5080 രൂപ ആയിരുന്ന ബി.ഫാം കോഴ്‌സിസ് 30000 രൂപയാണ് പുതിയ ഫീസ്. 5290 രൂപ ആയിരുന്ന എം.എ ജേണലിസം കോഴ്‌സിന് 30000 രൂപയും, ഡെന്റല്‍ കോഴ്‌സിന് 86000 രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയുമായാണ് ഫീസ് വര്‍ധിപ്പിച്ചിരുന്നത്. അകാരണമായി വരുത്തിയ വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സമരം.

ഫീസ് വര്‍ധനവിനെതിരെ എസ്.എഫ്.ഐ ഉള്‍പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. എന്നിട്ടും അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരവും റാലികളും ഉള്‍പ്പെടെ വിവിധ തരത്തിലുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസ് കാമ്പസില്‍ കയറി അക്രമം നടത്തുന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെമേല്‍ രാജ്യദ്രോഹക്കുറ്റവും കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more