ചണ്ഡീഗഢ്: ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എ.എ.പി കൗൺസിലർ കുൽദീപ് കുമാർ സമർപ്പിച്ച ഹരജി സ്റ്റേ ചെയ്യാതെ ഹൈക്കോടതി.പരാതിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും പ്രതികരണം തേടി നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൗൺസിലർ മനോജ് സോങ്കർ വിജയിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ആരോപിച്ച കുമാർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളിൽ നിന്നോ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളിൽ നിന്നോ തനിക്ക് ഒരു സഹായവും ആവശ്യമില്ലെന്നും താൻ തന്നെ വോട്ട് എണ്ണുമെന്നും പ്രിസൈഡിങ് ഓഫീസർ പറഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കൂട്ടി.
തങ്ങൾ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി കമ്മീഷണറും ഹൗസ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടില്ലെന്നും ഹരജിക്കാരൻ പറയുന്നു. ഇരുവരും ബി.ജെ.പി ഭരിക്കുന്ന ഹരിയാന കേഡറിലെ ഉദ്യോഗസ്ഥരാണ്.
ചണ്ഡീഗഢിലെ മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥി മനോജ് സോങ്കർ (16 വോട്ട്) എ.എ.പിയുടെ കുൽദീപ് കുമാറിനെ (12 വോട്ട്) പരാജയപ്പെടുത്തുകയായിരുന്നു. 35 അംഗ കോർപറേഷനിൽ ബി.ജെ. പി 14 , എ.എ പി 13 , കോൺഗ്രസ് ഏഴ്, ശിരോമണി അകാലിദൾ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഇന്ത്യാ സഖ്യത്തിന്റെ എട്ടു വോട്ടുകൾ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കി പ്രഖ്യാപിച്ചത് ബി.ജെ.പി നടത്തിയ ഗൂഢാലോനയുടെ ഭാഗമാണെന്നും വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫീസർ ചില അടയാളങ്ങൾ കാണിച്ച് കൃത്രിമം നടത്തിയെന്നും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എ.എ.പി ആരോപിച്ചു.