കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാരനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മന്‍ നാളെ മുതല്‍ സജീവമായി മത്സര രംഗത്തിറങ്ങുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി കെ.പി.സി.സി പ്രത്യേക ചുമതല നല്‍കി കൊണ്ട് വലിയ ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നും സുധാകരന്‍ അറിയിച്ചു.
വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും തന്നെ കൊണ്ട് ചെയ്യാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘വലിയ ഒരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെ കൊണ്ട് ചെയ്യാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കും. 53 വര്‍ഷകാലം പിതാവ് ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് പോളിങ്ങ് നടക്കുക. എട്ടിന് വോട്ടെണ്ണല്‍ നടക്കും.
ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് പത്തിന് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വരും. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Content Highlights: Chandi Oommen is the UDF candidate in Pudupally