പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ചന്തു നാഥ്. ട്വൽത്ത് മാൻ, മാലിക്, പാപ്പൻ തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയകാലം കൊണ്ട് സൂപ്പർ താരങ്ങൾക്കൊപ്പമടക്കം അഭിനയിക്കാൻ ചന്തുവിന് കഴിഞ്ഞിരുന്നു. ജീത്തു ജോസഫ് ഒരുക്കുന്ന മോഹൻലാൽ ചിത്രം റാമിലും ചന്തു നാഥ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. നമ്മൾ ഒരു മോഹൻലാൽ ഫാൻ അല്ലെങ്കിലും അദ്ദേഹത്തോടൊപ്പം കുറച്ച് നേരം നിന്നാൽ അദ്ദേഹത്തെ ഒരു സഹോദരനെ പോലെ തോന്നുമെന്നാണ് ചന്തു പറയുന്നത്.
‘റാം സിനിമയുടെ ഷൂട്ടിങ് സമയത്ത് അദ്ദേഹം ഞങ്ങളുമായി വല്ലാത്ത അടുപ്പമായി. അന്ന് ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി ഡിന്നർ കഴിച്ചു. പൃഥ്വിരാജൊക്കെ അന്ന് അവിടെ ഉണ്ടായിരുന്നു.
നമ്മൾ ഒരു മോഹൻലാൽ ഫാൻ അല്ലെങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ചുനേരം അഭിനയിച്ചാൽ നമുക്ക് സഹോദരനെ പോലെ വല്ലാത്തൊരു അടുപ്പം തോന്നും. അത് അദ്ദേഹത്തിന്റെ ഒരു ഓറയാണ്. സംസാരിക്കുമ്പോഴൊക്കെ നമുക്ക് കൈ തരുമ്പോൾ വല്ലാത്തൊരു ഫീലാണ്.
അത് മോഹൻലാൽ നമുക്ക് തരുന്നു എന്നതാണ് വലിയ കാര്യം. വേറെ ആര് നമ്മളോട് അങ്ങനെ നിന്നാലും നമുക്ക് തോന്നും അയാൾ കൊള്ളാമെന്ന്. പക്ഷേ മോഹൻലാൽ എന്ന വ്യക്തിയുടെ അടുത്ത് നിന്ന് ആ ഒരു പരിഗണനയും സ്നേഹവും കിട്ടുന്നു എന്നതാണ് വലിയ കാര്യം. പിന്നെ നമ്മൾ അദ്ദേഹത്തെ മിസ് ചെയ്യും.
ആദ്യം കാണുമ്പോഴാണ് ലാലേട്ടൻ എന്ന ഫീൽ നമുക്കുണ്ടാവുക. പിന്നെ അദ്ദേഹം തന്നെ അത് മാറ്റിയെടുക്കും. നമ്മളെ അനിയനാക്കി, അനിയത്തിയാക്കി മാറ്റിയെടുക്കും. ലാലേട്ടന് അങ്ങനെയൊരു കഴിവുണ്ട്. അത് നമ്മുടെ അഭിനയത്തെയും ഒരുപാട് സഹായിക്കും. വലിയ താരമല്ല ചേട്ടനാണ് മുന്നിൽ നിൽക്കുന്നതെന്ന് തോന്നിയാൽ നമുക്ക് ഒരുപാട് കംഫർടബിൾ തോന്നുമല്ലോ,’ ചന്തു നാഥ് പറയുന്നു.
അജു വർഗീസ്, അനൂപ് മേനോൻ എന്നിവരോടൊപ്പം ചന്തുനാഥും പ്രധാന വേഷത്തിൽ എത്തിയ ഫീനിക്സ് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ വിഷ്‌ണു ഭരതനാണ് സംവിധാനം ചെയ്യുന്നത്.
Content Highlight: Chandhunath Talk About Mohanlal