പതിനെട്ടാം പടിയിലെ ജോയ് എന്ന കഥാപാത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ഒരിടം നേടിയ നടനാണ് ചന്തുനാഥ്. 12th മാൻ, മാലിക്, ഇനി ഉത്തരം, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിലും ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലുമായി 12th മാൻ എന്ന ചിത്രത്തിലാണ് ചന്തുനാഥ് അഭിനയിച്ചത്. മോഹൻലാൽ, തൃഷ എന്നിവ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചന്തുനാഥ് അഭിനയിക്കുന്നുണ്ട്.
മോഹൻലാൽ തനിക്ക് ഒരു ചേട്ടനെപോലെയാണെന്ന് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ചന്തുനാഥ് പറയുന്നുണ്ട്. മോഹൻലാലുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഷൂട്ടിന്റെ സമയത്ത് ഗെയിം കളിച്ചിരുന്നെന്നും ചന്തുനാഥ് പറഞ്ഞു. താൻ മോഹൻലാലിന്റെ വീട്ടിലെല്ലാം പോയിട്ടുണ്ടെന്നും ചന്തുനാഥ് കൂട്ടിച്ചേർത്തു. മോഹൻലാൽ എന്ന താരം തങ്ങളോട് സംസാരിക്കുമ്പോൾ അര മണിക്കൂർകൊണ്ട് ചേട്ടനായി മാറുമെന്നും ചന്തുനാഥ് പറഞ്ഞു.
‘എനിക്ക് ലാലേട്ടൻ ഒരു ഏട്ടന്റെ സ്ഥാനത്താണ്. ഞാൻ കുറച്ചു കൂടെ ക്ലോസ് ആയത് ലാലേട്ടനുമായിട്ടാണ്. ഞങ്ങൾ റാം തൊട്ട് അങ്ങനെ തന്നെയാണ്. അന്ന് ഞങ്ങൾ ചാറ്റ് ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ ലാലേട്ടൻ എവിടെയോ തിരക്കിലൊക്കെയാണ്. ഷൂട്ടിന്റെ ഇടയിലെ ഗെയിം കളിക്കും. ലാലേട്ടന്റെ വീട്ടിലൊക്കെ ഞങ്ങൾ പോയിട്ടുണ്ട്. ഭയങ്കര ബ്രദർ പരിപാടിയാണ് അദ്ദേഹത്തിന്. ലാലേട്ടൻ എന്ന താരം പെട്ടെന്ന് അരമണിക്കൂർ കൊണ്ട് നമുക്ക് ചേട്ടനാവും.
അദ്ദേഹത്തിന് അങ്ങനെയൊരു ക്വാളിറ്റി ഉണ്ട്. നമുക്ക് അടുത്ത ദിവസം വർക്ക് ചെയ്യുമ്പോൾ ഭാരമില്ലാതെ പുള്ളിയുടെ കൂടെ വർക്ക് ചെയ്യാം. അത് പുള്ളി മനഃപൂർവം ഉണ്ടാക്കുന്നതാണോ എന്ന് എനിക്കറിയില്ല. നമുക്ക് തന്നെ ചേട്ടൻ എന്ന പരിപാടി തോന്നും,’ചന്തുനാഥ് പറഞ്ഞു.
വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എന്ന ചിത്രമാണ് ചന്തുനാഥിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Chandhunath about Mohanlal