| Monday, 19th July 2021, 5:49 pm

മറ്റൊരാളെ നോക്കുന്നുവോ എന്ന് മഹേഷേട്ടനോട് ചോദിച്ചിരുന്നു, എസ്.പി. ഋഷഭിന്റെ വിശേഷങ്ങളുമായി ചന്ദുനാഥ് ഡൂള്‍ന്യൂസിനൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മാലികുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാലികില്‍ എസ്.പി. ഋഷഭ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദുനാഥ് ആണ് സിനിമാവിശേഷങ്ങളുമായി ഡ്യൂള്‍ന്യൂസിനൊപ്പം ചേരുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ചും മാലികിലെ മറ്റ് അനുഭവങ്ങളെക്കുറിച്ചും ചന്ദുനാഥ് സംസാരിക്കുന്നു.

പതിനെട്ടാം പടിയിലെ അധ്യാപകനില്‍ നിന്ന് മാലികിലെ എസ്.പിയിലേക്ക് എത്തുമ്പോള്‍

പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ജോയ് എന്ന അധ്യാപക കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞതിന് ശേഷമാണ് മഹേഷ് നാരായണന്‍ മാലികിലേക്ക് എന്നെ വിളിക്കുന്നത്. പതിനെട്ടാം പടിയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടതുകൊണ്ടാണ് വിളിച്ചതെന്നാണ് മഹേഷേട്ടന്‍ പറഞ്ഞത്. എന്നാല്‍ പതിനെട്ടാം പടിയിലെയും മാലികിലെയും കഥാപാത്രങ്ങളുടെ മീറ്റര്‍ വ്യത്യസ്തമായതുകൊണ്ട് തനിക്ക് ചെയ്യാനാകുമോ എന്നൊരു സംശയം ആദ്യം ഉള്ളിലുണ്ടായിരുന്നു.

സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്ത് സ്‌ക്രിപ്റ്റ് അറിയാത്തതുകൊണ്ട് ഋഷഭ് എന്ന കഥാപാത്രത്തിന്റെ മീറ്റര്‍ എനിക്ക് കൃത്യമായി അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടി. ഈ കഥാപാത്രത്തിലേക്ക് മറ്റൊരാളെ നോക്കുന്നുവോ എന്ന് മഹേഷേട്ടനോട് ചോദിച്ചിരുന്നു. നിനക്കുതന്നെ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു മഹേഷേട്ടന്റെ മറുപടി.

പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോള്‍ എസ്.പി. ഋഷഭിന്റെ കഥാപാത്രം ചെയ്യാന്‍ എന്നെത്തന്നെ വിളിക്കുകയായിരുന്നു. മുടിയും താടിയും നീട്ടിവളര്‍ത്തിയ രൂപമായിരുന്നു പതിനെട്ടാം പടിയിലെ കഥാപാത്രത്തിന്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി മാലികിന് വേണ്ടി മറ്റൊരു രൂപത്തിലേക്ക് മാറുന്നതിനൊപ്പം തന്നെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി എറണാകുളത്തുള്ള ഒരു എസ്.പിയെ നേരില്‍ പോയി കാണുകയും അവരുടെ രീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. ചെറിയ ഒരു കഥാപാത്രമാണ് ചെയ്യുന്നതെങ്കില്‍ പോലും അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു.

അഭിനയിച്ചുതുടങ്ങിയ ഒരു കലാകാരന്‍ എന്ന നിലക്ക് ജലജ ചേച്ചിക്കും ഇന്ദ്രന്‍സേട്ടനും ഫഹദിക്കക്കും ഒപ്പമുള്ള സീനുകള്‍ എനിക്കൊരു സ്‌കൂള്‍ ആയിരുന്നു. മഹേഷേട്ടന്‍ എന്ന സംവിധായകനും മറ്റൊരു അനുഭവമായിരുന്നു. ഉള്ളില്‍ ഒരു എഡിറ്റര്‍ കൂടി ഉള്ളതുകൊണ്ട് ഓരോ സീനിന്റെയും കട്ട് പോയിന്റ് വരെ മഹേഷേട്ടന് അറിയാമായിരുന്നു. ഇത്രയും വലിയ നടീനടന്‍മാര്‍ ഒരുമിച്ച് ചേരുന്ന ചിത്രമായതുകൊണ്ട് എന്റെ ചെറിയ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെടില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന്റെ ചില ചലനങ്ങള്‍ പോലും ആളുകള്‍ എടുത്തുപറയുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.

സീനുകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഫഹദിക്കക്കൊപ്പമുള്ള സീനുകളാണ് ഞാന്‍ ഏറ്റവും കൂടുതലായി പ്രാക്ടീസ് ചെയ്തത്. ഡയലോഗ് മറന്നതുകൊണ്ട് കൂടുതല്‍ ടേക്ക് പോവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ജയിലിനുള്ളില്‍ ഫഹദിക്കക്കൊപ്പമുള്ള സീനിലെ ഡയലോഗുകളെല്ലാം ഞാന്‍ നേരത്തേ പഠിച്ചുവെക്കുകയായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേ ദിവസം ഫഹദിക്കക്കൊപ്പം റിഹേഴ്‌സല്‍ ചെയ്തിരുന്നു. എനിക്ക് എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരുത്തി തരണമെന്ന് ഫഹദിക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹവും അതുതന്നെയാണ് എന്നോട് തിരിച്ചുപറഞ്ഞത്.

എസ്.പി. ഋഷഭ് ടഫായ ഒരു പൊലീസുകാരനല്ല

ഋഷഭ് എന്ന് പറയുന്ന എസ്.പി. പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒരാളല്ല. ടഫായ രീതിയിലല്ല അയാളെ അവതരിപ്പിക്കേണ്ടതെന്ന് മഹേഷേട്ടനും പറഞ്ഞിരുന്നു. പുതിയതായി പോസ്റ്റിങ് മേടിച്ചു വന്ന അയാള്‍ക്ക് അവിടെ നടക്കുന്ന സംഭവങ്ങളെ പൊലീസ് റെക്കോര്‍ഡുകളിലൂടെ മാത്രമാണ് അറിയുന്നത്. അതയാള്‍ പറയുന്നുമുണ്ട്. മാലികിന്റെ ഉമ്മയെ ജയിലിലേക്ക് കൊണ്ടുവരുകയും അവര്‍ പറയുന്നത് ഫോണിലൂടെ കേള്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് ഋഷഭിന് സംഭവങ്ങളില്‍ സംശയമുണ്ടാവുന്നതും അയാള്‍ സത്യത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.

ജയിലിനകത്തുവെച്ച് അലിയെ ഡേവിഡിന്റെ മകന്‍ കൊല്ലുന്നതിനോട് അയാള്‍ക്ക് യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവസാന ശ്രമം എന്ന രീതിയില്‍ സെല്ല് മാറുന്നതിനായി എഴുതി തരാന്‍ അലിയോട് അയാള്‍ ആവശ്യപ്പെടുന്നത്. ഇതെല്ലാം ഋഷഭിന്റെ സത്യസന്ധതയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരമൊരു കഥാപാത്രമായതുകൊണ്ടായിരിക്കണം ഋഷഭിനെ പ്രേക്ഷകര്‍ സ്വീകരിച്ചതെന്നാണ് ഞാന്‍ കരുതുന്നത്.

ഇന്ദ്രന്‍സേട്ടനായാലും ഫഹദിക്കയായാലും കോ ആക്റ്റര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ആളുകളാണ്. ചില നോട്ടങ്ങള്‍ പോലും എടുത്ത് പറഞ്ഞ് ഫഹദിക്ക അഭിനന്ദിക്കാറുണ്ട്. ഇന്ദ്രന്‍സേട്ടനാണെങ്കിലും വളരെ എളുപ്പത്തിലാണ് സീനിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, അതിനനുസരിച്ച് നമ്മളെയും കൂടെകൂട്ടും. അതുകൊണ്ടുതന്നെയാണ് അവര്‍ക്കൊപ്പമുള്ള സീനുകള്‍ വൃത്തിയായി ചെയ്യാന്‍ കഴിഞ്ഞതെന്നാണ് വിശ്വാസം.

മാലികിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച്

ഒരു കഥയോ നോവലോ നാടകമോ എഴുതിക്കഴിഞ്ഞാലോ ചെയ്തുകഴിഞ്ഞാലോ അടുത്തതായി അത് പ്രേക്ഷകനിലേക്ക് എത്തുകയാണ്. പിന്നീട് അത് പ്രേക്ഷകന്റെ കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കും. മഹേഷ് നാരായണന്‍ അതിനെക്കുറിച്ച് ആധികാരികമായി പറയുന്നതില്‍ എനിക്ക് കുഴപ്പമില്ല. കൂടാതെ എഴുതിയ ആള്‍ ഒരു സോഷ്യോപൊളിറ്റിക്കല്‍ സബ്ജക്റ്റിനെ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കൂടുതലായി പറയേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. മാലിക് എന്ന ചിത്രത്തെ ഒരു ആര്‍ട്ടായും ഫിക്ഷനായുമാണ് ഞാന്‍ കാണുന്നത്. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ച ഒരു നടനാണ്. എന്നാല്‍ പരാമര്‍ശിക്കപ്പെടുന്ന കലാപത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. പക്ഷേ അതിനെക്കുറിച്ച് കൂടുതലായൊന്നും ഞാന്‍ പറയില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളായ 12ത് മാനിലും, റാമിലും ചന്ദുനാഥ് അഭിനയിക്കുന്നുണ്ട്. റാമിന്റെ പകുതി ഷൂട്ട് കഴിഞ്ഞുവെന്നും 12ത് മാന്‍ ഷൂട്ട് തുടങ്ങാനിരിക്കുകയാണെന്നും ചന്ദുനാഥ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chandhunadh says about Malik

We use cookies to give you the best possible experience. Learn more