| Thursday, 16th November 2023, 3:52 pm

മമ്മൂക്കയുടെ വാക്കുകളെ ദുര്‍വ്യാഖ്യാനിച്ചു, ടാര്‍ഗറ്റ് ചെയ്യുന്നത് കണ്ടാല്‍ അറിയാം: ചന്തുനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടിക്ക് മമ്മൂട്ടി സംവിധായകന്‍ ജൂഡ് ആന്തണിയെ പറ്റി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡിന്റെ തലയില്‍ മുടി കുറവാണന്നേയുള്ളൂ, ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയതാണെന്നും ജൂഡ് ആന്തണിയെ പരസ്യമായി അപമാനിക്കുകയായിരുന്നെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് നടന്‍ ചന്തുനാഥ്. മമ്മൂട്ടി ആരേയും വിവേചനത്തോടെ കണ്ടിട്ടില്ലെന്നും അദ്ദേഹം ജൂഡിനെ അഭിനന്ദിക്കുകയായിരുന്നുവെന്നും ചന്തുനാഥ് പറഞ്ഞു. മമ്മൂട്ടി പറഞ്ഞതിനെ ആളുകള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ചന്തുനാഥ് പറഞ്ഞു.

‘പുള്ളി അവിടെ അതല്ല ഉദ്ദേശിച്ചതെന്ന് നമുക്ക് അറിയാം. അദ്ദേഹം ആരേയും വിവേചനത്തോടെ കണ്ടിട്ടില്ല. വൈകല്യങ്ങളെ കളിയാക്കുകയാണെങ്കില്‍ നമുക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലാതെ നമ്മള്‍ കളിയാക്കില്ലേ. മനുഷ്യന്മാര്‍ തമ്മില്‍ ചെയ്യുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളാണത്. എന്നാല്‍ ചിലത് ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് അറിയാം.

ഇവിടെ എന്തുമാത്രം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊക്കത്തെ പറ്റിയും നിറത്തെ പറ്റിയും നമ്മള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്ക് ചിലപ്പോള്‍ പ്രശ്‌നമായിരിക്കാം. സ്‌കൂള്‍ മുതലേ ഇത് കേട്ട് അദ്ദേഹത്തിന് പ്രശ്‌നമായിരിക്കാം. അയാളോട് അങ്ങനെ പറഞ്ഞാല്‍ വേദനിക്കും.

പക്ഷേ അന്ന് മമ്മൂക്ക പറഞ്ഞ വരി ദുര്‍വ്യാഖ്യാനിച്ചു എന്നാണ് ഞാന്‍ പറയുന്നത്. അല്ലാതെ എന്ത് കഷണ്ടിയാടാ എന്നൊന്നുമല്ല പറഞ്ഞത്. സത്യത്തില്‍ അദ്ദേഹം അഭിനന്ദിച്ചതാണ്. കേള്‍ക്കുന്നയാള്‍ക്കും പ്രശ്‌നമില്ല. പിന്നെന്താ? ഞാനിത് പറഞ്ഞാല്‍ എനിക്ക് ശത്രുക്കളുണ്ടാവും.

പൊളിറ്റിക്കല്‍ സ്റ്റാന്റുണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടിയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നാളെ നമുക്ക് ഒരു ഇഷ്യു ഉണ്ടാകുമ്പോള്‍ നമ്മള്‍ പൊളിറ്റിക്കലാവും. പക്ഷേ അപ്പോള്‍ നമുക്ക് വേണ്ടി പൊളിറ്റിക്കലാവാന്‍ ആളുണ്ടാവില്ല,’ ചന്തുനാഥ് പറഞ്ഞു.

Content Highlight: Chandhunadh reacts in mammootty -jude anthony controversy

We use cookies to give you the best possible experience. Learn more