മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ തന്റെ അച്ഛന്‍ ഇപ്പോഴും കണ്ടിട്ടില്ലെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. എന്നാല്‍ ഓരോരുത്തരും പറഞ്ഞ് അച്ഛന്‍ സിനിമയെ കുറിച്ച് അറിയുന്നുണ്ടെന്നും ചന്തു പറയുന്നു.
അണ്‍ഫില്‍റ്റര്‍ഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.
‘അച്ഛന്‍ ഇപ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടിട്ടില്ല. അച്ഛന്‍ എപ്പോഴും എനിക്ക് ഒരു മൂഡ് ഇല്ലെടാ എന്നാണ് പറയാറുള്ളത്. എന്നാല്‍ ഓരോരുത്തരും പറഞ്ഞ് അച്ഛന്‍ സിനിമയെ കുറിച്ച് അറിയുന്നുണ്ട്.
അല്ലാതെ സിനിമ കാണാന്‍ വേണ്ടി പോയിട്ടില്ല. അച്ഛന്‍ അല്ലെങ്കിലും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ബുദ്ധിമുട്ടുള്ള ആളാണ്. എനിക്ക് അങ്ങനെയില്ല. ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്,’ ചന്തു സലിംകുമാര്‍ പറഞ്ഞു.
അഭിമുഖത്തില്‍ താന്‍ കണ്ടിട്ടുള്ള സിനിമകളെ പറ്റിയും താരം സംസാരിച്ചു. ഇഷ്ടംപോലെ സിനിമകള്‍ കാണുന്ന ആളാണ് താനെന്നും ചില സിനിമകള്‍ കണ്ട് അതിലെ കഥാപാത്രത്തെ പോലെ പെരുമാറാറുണ്ടെന്നും ചന്തു പറഞ്ഞു. ചില സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നെന്നും ചന്തു സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘പണ്ടൊക്കെ ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. ചില സിനിമയൊക്കെ കണ്ട് അതിലുള്ള ആള്‍ക്കാരെപ്പോലെ നടന്നിട്ടുണ്ട്. മെമ്മറീസ് സിനിമ കണ്ടിട്ട് അതിലെ വില്ലനെപ്പോലയൊക്കെ പെരുമാറിയത് ഇപ്പോഴും ഓര്‍മയുണ്ട്. അനിയനാണ് ഇതിനെല്ലാം സാക്ഷിയാകുന്നത്. ഇതൊക്കെ കണ്ട് അവന്‍ എനിക്ക് ഭ്രാന്താണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
പിന്നെ ചില സിനിമകള്‍ കണ്ടിട്ട് അതിന്റെ ഹാങ്ങോവര്‍ ഉണ്ടാകുമായിരുന്നു. പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്, മെമ്മറീസ് ഓഫ് മര്‍ഡര്‍ ഒക്കെ അതുപോലെ ഹാങ്ങോവര്‍ നല്‍കിയ സിനിമകളാണ്.
മെമ്മറീസ് ഓഫ് മര്‍ഡറിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നു. അതിന്റെ ക്ലൈമാക്സ് സീന്‍ വല്ലാത്ത ഹോണ്ടിങ്ങാണ്,’ ചന്തു സലിംകുമാര്‍ പറഞ്ഞു.
Content Highlight: Chandhu Salimkumar Talks About Salimkumar And Manjummel Boys