കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ റെക്കോഡ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ നടനായിരുന്നു ചന്തു സലിംകുമാര്‍. സിനിമയിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് രജിനികാന്തും കമല്‍ ഹാസനും മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരില്‍ കണ്ടിരുന്നു. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് ചന്തു സലിംകുമാര്‍. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എന്റെ വാട്സാപ് ഡി.പി രജിനി സാറിനൊപ്പമുള്ളതാണ്. രജിനി സാറിന്റെ സിനിമ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്നതാണ് എന്റെ രീതി ശിവാജി സിനിമ മുതല്‍ തുടങ്ങിയ ശീലമാണ് അത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്ന് അദ്ദേഹത്തെ നേരില്‍ കാണുക എന്നതായിരുന്നു.
അത് സാധിച്ചു, അതിന് മഞ്ഞുമ്മല്‍ ബോയ്സ് കാരണമായി. ഞാന്‍ രജിനി സാറിനെ വെച്ചു ഒരു സിനിമ വരെ എഴുതിയിട്ടുണ്ട്. അതും പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഒരു ജയില്‍ ചാട്ടത്തിന്റെ കഥയായിരുന്നു അത്.
അതില്‍ രജിനി സാറിനെയോ കമല്‍ സാറിനെയോ നായകനാക്കണം എന്നായിരുന്നു പ്ലാന്‍. അന്നു പത്താം ക്ലാസിലാണല്ലോ പഠിക്കുന്നത്. പിന്നീടാണ് കാര്യങ്ങളൊക്കെ ബോധ്യപ്പെടുന്നത്. രജിനി സാറിനെ കാണാന്‍ പോകുന്നത് സ്വപ്നം കാണുന്നത് പോലെയായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് രജിനി സാര്‍ ഞങ്ങളെ കാണുന്നത്. എന്നിട്ടും സിനിമയിലെ ഓരോ സീനും അദ്ദേഹം എടുത്തു പറഞ്ഞു. ഞങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരു പോലും അദ്ദേഹം പറഞ്ഞു. ഒരു അദ്ഭുതമനുഷ്യന്‍ തന്നെ,’ ചന്തു സലിംകുമാര്‍ പറഞ്ഞു.
Content Highlight: Chandhu Salimkumar Talks About Rajinikanth And Manjummel Boys