| Thursday, 28th March 2024, 11:43 am

നെപ്പോട്ടിസമാണ്, ആരെങ്കിലും നെപ്പോ കിഡെന്ന് വിളിച്ചാലും ചീത്ത പറഞ്ഞാലും എനിക്ക് കുഴപ്പമില്ല: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

താന്‍ സിനിമയിലേക്ക് വന്നത് നെപ്പോട്ടിസമാണെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. തന്നെ ആരെങ്കിലും നെപ്പോ കിഡെന്ന് വിളിച്ചാലും ചീത്ത പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും ചന്തു പറയുന്നു. അണ്‍ഫില്‍റ്റേഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ സിനിമയിലേക്ക് വന്നത് നെപ്പോട്ടിസമാണ്. എന്നെ ഇനി ആരെങ്കിലും നെപ്പോ കിഡെന്ന് വിളിച്ചാലും അതില്‍ ചീത്ത പറഞ്ഞാലും എനിക്ക് ഒരു കുഴപ്പമില്ല. കാരണം നെപ്പോട്ടിസമാണ് എന്ന് പറയുന്നത് ശരിയാണ്, പിന്നെ അതില്‍ എതിര്‍ത്തിട്ട് എന്താണ് കാര്യം.

ഞാന്‍ സിനിമയിലേക്ക് വരണമെന്ന് സ്വയം തീരുമാനിച്ചിട്ട് വന്നതാണ്. എനിക്ക് മറ്റെന്തിനേക്കാളും സിനിമയാണ് താത്പര്യമെന്നത് കൊണ്ട് ഞാന്‍ സിനിമാ മേഖലയിലേക്ക് വരികയായിരുന്നു. വെറുതെ വഴിമാറി പോകേണ്ട ആവശ്യം എനിക്കില്ലല്ലോ.

എല്ലാം ഫേസ് ചെയ്യാന്‍ തയ്യാറായിട്ട് വേണം നമ്മള്‍ സിനിമയിലേക്ക് വരാന്‍. പിന്നെ ഒരാളെ നെപ്പോ കിഡെന്ന് വിളിക്കുന്നതിനെ ക്രിട്ടിസിസമെന്നും പറയാന്‍ കഴിയില്ല. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയുകയാണ്.

പറഞ്ഞു കഴിഞ്ഞാല്‍ അവര്‍ അവരുടെ വഴിക്ക് പോകുകയും ചെയ്യും. പിന്നെ നമ്മള്‍ അതുകേട്ട് അയ്യോ എന്നെ നെപ്പോ കിഡെന്ന് വിളിച്ചല്ലോ എന്ന് പറഞ്ഞ് വിഷമിക്കാതിരുന്നാല്‍ മതി.

എന്നെ നെപ്പോ കിഡെന്ന് വിളിച്ചാല്‍ എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അതിന്റെ പേരില്‍ അച്ഛനോട് അഭിനയം നിര്‍ത്തി പോകാന്‍ പറയാനും കഴിയില്ല. എനിക്കും അച്ഛനും ജീവിക്കണ്ടേ,’ ചന്തു സലിംകുമാര്‍ പറഞ്ഞു.


Content Highlight: Chandhu Salimkumar Talks About Nepotism

We use cookies to give you the best possible experience. Learn more