അച്ഛന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കോമഡി കഥാപാത്രം ആ മമ്മൂട്ടി ചിത്രത്തിലേതാണ്: ചന്തു സലിംകുമാര്‍
Entertainment
അച്ഛന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കോമഡി കഥാപാത്രം ആ മമ്മൂട്ടി ചിത്രത്തിലേതാണ്: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 8:48 am

തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് നിറഞ്ഞോടുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും റെക്കോഡ് കളക്ഷനാണ് നേടുന്നത്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീന്ഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ചന്തുവിന്റെ കഥാപാത്ത്രിന് ഗംഭീര കൈയടിയാണ് ലഭിച്ചത്.

സിനിമയുടെ വിജയത്തിന് പിന്നാലെ ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ സലിംകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന് ചന്തു വെളിപ്പെടുത്തി. കോമഡി കഥാപാത്രങ്ങളില്‍ ചട്ടമ്പിനാടിലെ മാക്രി ഗോപാലനാണ് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമെന്ന് ചന്തു പറഞ്ഞു. അതിന്റെ കാരണവും ചന്തു വ്യക്തമാക്കി. സലിംകുമാര്‍ ചെയ്തുവെച്ച കോമഡി കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘അച്ഛന്‍ ചെയ്ത കോമഡി ക്യാരക്ടേഴ്‌സില്‍ പലതും ഇഷ്ടമാണ്. പക്ഷേ പെട്ടെന്ന് ഒരെണ്ണം ചോദിച്ചാല്‍ എന്റെ മനസിലേക്ക് ആദ്യം എത്തുന്ന കഥാപാത്രം ചട്ടമ്പിനാടിലെ മാക്രി ഗോപാലനാണ്. അതിനൊരു കാരണവുമുണ്ട്. പുള്ളിക്ക് അതില്‍ അധികം സ്‌ക്രീന്‍ സ്‌പേസില്ല. പക്ഷേ വരുന്ന സീനിലൊക്കെ ഒടുക്കത്തെ സ്‌കോറിങ്ങാണ്.

അതേ പടത്തില്‍ തന്നെ ഏറ്റവും കിടിലന്‍ കോമഡി ക്യാരക്ടറുകളില്‍ ഒന്നായ ദശമൂലം ദാമുവിനോടൊപ്പം അച്ഛന്റെ കഥാപാത്രത്തെപ്പറ്റിയും ആളുകള്‍ സംസാരിക്കാറുണ്ട്. അതുപോലെ ഉള്ള വേറൊരു സിനിമയാണ് കല്യാണരാമന്‍. അതില്‍ അച്ഛന്റെ പ്യാരിയെ എല്ലാവരും ഏറ്റെടുത്തെങ്കിലും ഇന്നസെന്റ് ചേട്ടന്‍ അവതരിപ്പിച്ച പോഞ്ഞിക്കരക്കും നല്ല ഫാന്‍ ഫോളോയിങ്ങ് ഉണ്ട്,’ ചന്തു പറഞ്ഞു.

Content Highlight: Chandhu Salimkumar saying his favorite comedy character of Salimkumar