|

എല്ലാവര്‍ക്കും മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ് അറിയേണ്ടത്, എന്നാല്‍ എനിക്ക് വേറൊരു കാര്യമാണ് അറിയേണ്ടത്: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന് വലിയ റീച്ച് നേടിക്കൊടുത്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളായ സലിംകുമാറിന്റെ മകനാണ് ചന്തു. ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ സലിംകുമാറിന്റെ ബാല്യം അവതരിപ്പിച്ചത് ചന്തുവായിരുന്നു.

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍. മമ്മൂട്ടിയെപ്പോലൊരു മനുഷ്യനെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ലെന്ന് ചന്തു സലിംകുമാര്‍ പറഞ്ഞു. പലരും മമ്മൂട്ടിക്ക് ജാഡയാണെന്ന് പറയുമെങ്കിലും അതിനെക്കാള്‍ ജാഡ തനിക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

പുതിയ ഏതെങ്കിലും നടന്മാര്‍ തനിക്ക് എന്തെങ്കിലും മെസേജ് അയച്ചാല്‍ അത് കണ്ടിട്ട് മൈന്‍ഡാക്കാതെ ഇരിക്കുമെന്നും എന്നാല്‍ മമ്മൂട്ടി ആര് മെസേജയച്ചാലും തിരിച്ച് റിപ്ലൈ തരുമെന്നും ചന്തു സലിംകുമാര്‍ പറയുന്നു. എല്ലാവര്‍ക്കും കൃത്യമായി ബര്‍ത്ത്‌ഡേ വിഷ് ചെയ്യുമെന്നും പലരുടെയും കല്യാണത്തിന് പങ്കെടുക്കുന്നുണ്ടെന്നും എല്ലാം കഴിഞ്ഞ് ഷൂട്ടിന് പോവുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടിയെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

ടൈം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്നും എല്ലാത്തിനും എങ്ങനെയാണ് സമയം കിട്ടുന്നതെന്ന് ചോദിക്കണമെന്നും ചന്തു സലിംകുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെ സൗന്ദര്യത്തെപ്പറ്റിയാണ് പലര്‍ക്കും ചോദിക്കേണ്ടതെന്നും എന്നാല്‍ തനിക്ക് അറിയേണ്ടത് അദ്ദേഹത്തിന്റെ ടൈം മാനേജ്‌മെന്റിനെക്കുറിച്ചാണെന്നും ചന്തു കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.

‘മമ്മൂക്കയെപ്പോലൊരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. പലരും പറയുന്നത് കേള്‍ക്കാം, പുള്ളി ഭയങ്കര ജാഡയാണെന്നൊക്കെ. പക്ഷേ, മമ്മൂക്കയെക്കാള്‍ ജാഡ എനിക്കാണെന്ന് തോന്നിയിട്ടുണ്ട്. കാരണം, എനിക്ക് ഏതെങ്കിലും പുതിയ നടന്‍ മെസേജയച്ചാല്‍ ഞാന്‍ വെറും താങ്ക് യൂവില്‍ മാത്രം മറുപടി ഒതുക്കും. പക്ഷേ, മമ്മൂക്ക അങ്ങനെയല്ല. പുള്ളി എല്ലാ മെസേജിനും കറക്ടായി റിപ്ലൈ കൊടുക്കാറുണ്ട്.

അത് മാത്രമല്ല, പുള്ളി എല്ലാവരുടെയും ബര്‍ത്തഡേയ്ക്ക് വിഷ് ഇടും, പല കല്യാണത്തിനും പോകും, അത് കഴിഞ്ഞ് ഷൂട്ടിനും പോകും. ഇതിനൊക്കെ എങ്ങനെയാണ് സമയം കിട്ടുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പലര്‍ക്കും അറിയേണ്ടത് മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. അത് അറിഞ്ഞിട്ട് നമ്മളൊക്കെ എന്ത് ചെയ്യാനാണ്. എനിക്ക് അറിയേണ്ടത് മമ്മൂക്കയുടെ ടൈം മാനേജ്‌മെന്റിനെപ്പറ്റിയാണ്,’ ചന്തു സലിംകുമാര്‍ പറഞ്ഞു.

Content Highlight: Chandhu Salimkumar saying he wondered after seeing Mammootty’s time management