ഞങ്ങള്‍ക്ക് മാത്രമല്ല, സെറ്റിലെ പലര്‍ക്കും പുള്ളിയെ കണ്ടിട്ട് മനസിലായില്ല: മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ചന്തു സലിംകുമാര്‍
Entertainment
ഞങ്ങള്‍ക്ക് മാത്രമല്ല, സെറ്റിലെ പലര്‍ക്കും പുള്ളിയെ കണ്ടിട്ട് മനസിലായില്ല: മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th February 2024, 5:44 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജീന്‍ പോള്‍ ലാല്‍ എത്തിയിരിക്കുന്നത്. എല്ലായ്‌പ്പോഴും താടി വെച്ച് മാത്രം കണ്ടുകൊണ്ടിരുന്ന ജീന്‍ പോല്‍ മഞ്ഞുമ്മലില്‍ താടി വടിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. സിനിമ കണ്ട പലര്‍ക്കും ജീനാണ് സിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ഷൂട്ടിന്റെ സമയത്തും ജീനിനെ കണ്ടിട്ട് പലര്‍ക്കും മനസിലായില്ലെന്ന് സിനിമയിലെ താരങ്ങളിലൊരാളായ ചന്തു സലിംകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജീന്‍ പോളിന്റെ ഗെറ്റപ്പ് ചെയ്ഞ്ച് കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ജീന്‍ ചേട്ടനാണ് ഞങ്ങളുടെ സ്റ്റാര്‍ പെര്‍ഫോമര്‍. ഫസ്റ്റ് ഹാഫില്‍ ജീന്‍ ചേട്ടന്‍ ഉണ്ടാക്കിയ ചിരി അടിപൊളിയായിരുന്നു. ജീന്‍ ചേട്ടനെ താടിയില്ലാത്ത രൂപത്തില്‍ എല്ലാവരും ആദ്യമായി കാണുകയായിരുന്നു. എപ്പോഴും താടി വളര്‍ത്തിയ രൂപം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. പുള്ളിക്ക് പോലും താടിയില്ലാതെയുള്ള രൂപം ഓര്‍മയില്ലായിരുന്നു. ജീന്‍ ചേട്ടനോട് അത്രക്ക് ക്ലോസ് ആയിട്ടുള്ളവര്‍ക്ക് പോലും പുള്ളിയെ കണ്ടിട്ട് മനസിലായില്ല. പൂജാ ചടങ്ങിന് വന്നപ്പോള്‍ സൗബിക്കയുടെ വാപ്പ വന്നിരുന്നു.

പുള്ളിക്ക് ജീന്‍ ചേട്ടനെ മുന്നേ പരിചയമുള്ളതാണ്. പക്ഷേ ഈ പരിപാടിക്ക് പുള്ളിയുടെ അടുത്ത് ജീന്‍ ചേട്ടന്‍ ഇരുന്നിട്ടും മനസിലായില്ല. ഇടക്ക് ജീന്‍ ചേട്ടന്‍ ബാബുക്കയെ നോക്കി ചിരിച്ചു. പുള്ളി തിരിച്ചും ചിരിച്ചു. പക്ഷേ ആളാരാണെന്ന് മനസിലായില്ല. സൗബിക്ക ആ സമയം ബാബുക്കയുടെ അടുത്ത് ചെന്നിട്ട് ജീന്‍ ചേട്ടനെ ചൂണ്ടിക്കാണിച്ച്, ആളെ മനസിലായോ എന്ന് ചോദിച്ചു. മനസിലായില്ലെന്ന ബാബുക്ക പറഞ്ഞപ്പോള്‍, ഇത് ജീനാണ്, ലാലേട്ടന്റെ മകനാണ് എന്ന് പറഞ്ഞപ്പോഴാണ് ബാബുക്കയ്ക്കും മനസിലായത്,’ ചന്തു പറഞ്ഞു.

Content Highlight: Chandhu Salimkumar about Jeen Paul Lal in Manjummel Boys