ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.
ചന്തു അടുത്തതായി അഭിനയിക്കുന്നത് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന നടികർ എന്ന ചിത്രത്തിലാണ്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ജീൻ ഒരുക്കുന്ന സിനിമയിൽ ടൊവിനോ തോമസാണ് നായകൻ.
ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മറ്റൊരു ചിത്രത്തിൽ നിന്ന് കോൾ വന്നില്ലെങ്കിൽ നീയൊരു ആർട്ടിസ്റ്റ് അല്ലായെന്നാണ് അച്ഛൻ പറഞ്ഞതെന്ന് ചന്തു സലിംകുമാർ പറയുന്നു.
‘ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛൻ ആദ്യം പറഞ്ഞത്, എന്റെ ആദ്യത്തെ സിനിമ കഴിയുന്നതിന് മുമ്പ് വേറൊരു സിനിമയിൽ നിന്ന് കോൾ വരണം, അല്ലെങ്കിൽ നീയൊരു ആർട്ടിസ്റ്റല്ല എന്നായിരുന്നു.
അപ്പോൾ എനിക്ക് അച്ഛന്റെ മുന്നിൽ ആളാവാൻ അവസരം ഒരുക്കി തന്ന ആളാണ് ജീൻ പോൾ ചേട്ടൻ. ജീൻ ചേട്ടനോടാണ് എനിക്ക് ഏറ്റവും വലിയ നന്ദി പറയാനുള്ളത്. അവിടെ ഞാൻ തോറ്റില്ല. ജീൻ ചേട്ടൻ എന്നെ പടം കഴിയുന്നതിന് മുമ്പ് തന്നെ വിളിച്ചു,’ ചന്തു പറയുന്നു.
ജീൻ പോൾ ലാൽ തന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ എന്തായാലും ചെന്ന് അഭിനയിക്കണമെന്ന് അച്ഛൻ പറഞ്ഞെന്നും സലിംകുമാറിന്റെ ആദ്യത്തെ വിജയ ചിത്രം ലാൽ നിർമിച്ച തെങ്കാശിപട്ടണം ആയിരുന്നുവെന്നും താരം പറഞ്ഞു.
‘നടികറിൽ നിന്ന് ആദ്യത്തെ കോൾ വന്നപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, ലാലേട്ടന്റെ പടമാണ് നീ എന്തായാലും ചെയ്യണം,ബാക്കിയുള്ളവർ പറയുന്നത് കേൾക്കുകയൊന്നും വേണ്ട എന്നായിരുന്നു. കാരണം അച്ഛന്റെ ആദ്യത്തെ ഹിറ്റ് തെങ്കാശിപട്ടണമായിരുന്നു. അത് ലാലങ്കിൾ പ്രൊഡ്യൂസ് ചെയ്ത പടമാണ്. നടികറും അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു,’ചന്തു സലിംകുമാർ പറയുന്നു.
Content Highlight: Chandhu Salim Kumar Talk About His Father Salimkumar