ഗണുവിന്റെ മെസേജ് ഗ്രൂപ്പിൽ കണ്ടതും പതിനൊന്ന് ബോയിസും ഷൂട്ടൊക്കെ നിർത്തിവെച്ച് ചെന്നൈയിലേക് വണ്ടി കയറി: ചന്തു സലീംകുമാർ
Entertainment news
ഗണുവിന്റെ മെസേജ് ഗ്രൂപ്പിൽ കണ്ടതും പതിനൊന്ന് ബോയിസും ഷൂട്ടൊക്കെ നിർത്തിവെച്ച് ചെന്നൈയിലേക് വണ്ടി കയറി: ചന്തു സലീംകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 8:26 am

സിനിമ ചെയ്യുമ്പോൾ തൊട്ട് കമൽ ഹാസൻ പടം കാണുമെന്നുള്ള വിശ്വാസം ചിദംബരത്തിന് ഉണ്ടായിയിരുന്നെന്ന് നടൻ ചന്തു സലീംകുമാർ. പടം റിലീസായി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗണപതിയാണ് ഗ്രൂപ്പിൽ മെസേജ് ഇട്ടിട്ട് കമൽ ഹാസൻ വിളിച്ചു പതിനൊന്ന് ബോയിസും വരണമെന്ന് പറഞ്ഞെന്നും ചന്തു പറയുന്നുണ്ട്.

എല്ലാവർക്കും ഷൂട്ട് ഉണ്ടായിരുന്നെന്നും അതെല്ലാം നിർത്തിവെച്ച് ചെന്നൈയിലേക്ക് വണ്ടി കയറിയെന്നും ചന്തു കൂട്ടിച്ചേർത്തു. അവിടെ എത്തിയപ്പോൾ ക്ലാസിലേക്ക് വന്നപോലെ എല്ലാവരും നിരന്നിരുന്നെന്നും കമൽ ഹാസൻ മുൻപിൽ ഇരിക്കുകയായിരുന്നെന്നും ചന്തു പറയുന്നുണ്ട്. ശ്രീനാഥ് ഭാസിയും ചിദംബരവും ഗണപതിയുമാണ് കമൽ ഹാസനോട് സംസാരിച്ചതെന്നും ബാക്കിയുള്ളവരെല്ലാം അദ്ദേഹത്തെ നോക്കി ഇരുന്നെന്നും ചന്തു ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

‘നമ്മൾ ഈ സിനിമ ചെയ്യുമ്പോൾ തൊട്ട് കമൽ സാർ സിനിമ കാണും എന്നുള്ള ഒരു വിശ്വാസം ചിദുവിന് ഉണ്ടായിരുന്നു. നമുക്ക് അങ്ങനെ ധാരണ ഉണ്ടായിരുന്നു. സാറ് സിനിമ കണ്ടിട്ട് നമ്മളെ വിളിക്കണം, സാറിന്റെ ഓഫീസിൽ പോകണം എന്നൊക്കെ നമ്മൾ പണ്ടുമുതൽ ആഗ്രഹിക്കുന്ന കാര്യമാണ്.

പടം റിലീസായി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗണുവാണ് ഗ്രൂപ്പിൽ മെസ്സേജ് ഇടുന്നത്, കമൽ സർ വിളിച്ചു നാളെ 11 ബോയ്സും വരണം എന്ന് പറഞ്ഞു. എല്ലാവരും ഷൂട്ട് ഉള്ളവരായിരുന്നു. എല്ലാവരും ഷൂട്ടൊക്കെ നിർത്തിവെച്ച് നേരെ ചെന്നൈയിലേക്ക് വണ്ടി കയറി. പുള്ളി രാവിലെയാണ് സിനിമ കണ്ടത്. വൈകിട്ടാണ് ഞങ്ങളെ കാണുന്നത്.

അവിടെ എത്തിയപ്പോൾ ക്ലാസിൽ ചെന്നപോലെ ആയിരുന്നു. എല്ലാവരും നിരന്നിരിക്കുന്നു, പുള്ളി ഫ്രണ്ടിൽ ഇരിക്കുന്നു. എല്ലാവർക്കും ഷേക്ക് ഹാൻഡ് കൊടുത്തു. എന്റെ കയ്യിൽ നിന്ന് പോയിരിക്കുകയായിരുന്നു. പുള്ളിയെ നോക്കി നമ്മൾ ഇങ്ങനെ ഇരിക്കുകയായിരുന്നു. അല്ലാതെ ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഭാസിയും ചിദുവും ഗണുവുമൊക്കെയായിരുന്നു സംസാരിച്ചത്. ഞങ്ങളാരും സംസാരിക്കുന്നുണ്ടായിരുന്നില്ല. നമുക്ക് അത്രത്തോളം റെസ്പെക്റ്റുള്ള ആണല്ലോ. ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ ഞാൻ ഇങ്ങനെ കുനിഞ്ഞാണ് നിന്നത്,’ ചന്തു സലീംകുമാർ പറഞ്ഞു.

Content Highlight: Chandhu saleemkumar shares experience after seeing kamal hasan