മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ചന്തു സലിംകുമാർ. താനും ഭാസിയും ഒരുമിച്ചാണ് പടം കണ്ടതെന്ന് ചന്തു പറഞ്ഞു. താൻ താഴെ ഇരുന്നും ശ്രീനാഥ് ഭാസി മുകളിൽ ഇരുന്നും കരഞ്ഞെന്ന് ചന്തു കൂട്ടിച്ചേർത്തു.
എന്നാൽ ഭാസി എല്ലാവരോടും താൻ മുഴുവൻ കരച്ചിലായിരുന്നു എന്ന് പറഞ്ഞെന്നും ചന്തു പറയുന്നുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗണപതിക്കും ബാലു വർഗീസിനുമൊപ്പം സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.
‘ഞാനും ഭാസിയും ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. ഞാൻ താഴെ ഇരുന്ന് കരയുന്നു, ഭാസി മുകളിൽ ഇരുന്ന് കരയുന്നു. ഭാസി എല്ലാവരുടെയും അടുത്ത് വന്നിട്ട് പറയും ചന്തു എന്ത് കരച്ചിലാണ് കരഞ്ഞത് എന്ന്. ഞാൻ ക്ലൈമാക്സ് ഒക്കെ അടുക്കാൻ ആയപ്പോഴാണ് കരഞ്ഞു തുടങ്ങിയത്. സിനിമ തുടങ്ങുന്നത് തൊട്ട് ഭാസി കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു,’ ചന്തു സലിംകുമാർ പറഞ്ഞു.
പടം കണ്ട് ഇറങ്ങിയപ്പോഴുള്ള അനുഭവം ബാലു വർഗീസും അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ‘ഈ പടം കഴിഞ്ഞിട്ട് ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങുമ്പോൾ ആ കുഴപ്പമില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് വിഷമമായി പോയേനെ. പക്ഷേ ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ് ആകെ കരഞ്ഞിട്ടാണ് ഇറങ്ങിയത്.
ഞങ്ങൾ കഴിഞ്ഞ ഇൻറർവ്യൂവിലും പറഞ്ഞിരുന്നു ഇത്രയും ആളുകൾ കരഞ്ഞിട്ട് ഏറ്റവും സന്തോഷിച്ചത് ഞങ്ങളാണ് എന്ന്. എന്റെ സ്വന്തം അച്ഛനും അമ്മയും കരഞ്ഞിട്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. അച്ഛനും അമ്മയും കരയുമ്പോൾ നമ്മൾ ഒരിക്കലും സന്തോഷിക്കാൻ പറ്റില്ലല്ലോ. പക്ഷേ അത് ഒരു സന്തോഷ നിമിഷമായിരുന്നു,’ബാലു വർഗീസ് പറഞ്ഞു.
തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Chandhu saleemkumar about manjummel boys movie’s reaction