| Sunday, 19th November 2023, 4:43 pm

കഥ വായിച്ചു കഴിഞ്ഞപ്പോൾ മിഥുൻ ചേട്ടൻ എന്നോട് പോകാൻ പറഞ്ഞു, അത് ഭയങ്കര വേദനയുണ്ടാക്കി: ചന്തു നാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവലിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ഫീനിക്സ്. അനൂപ് മേനോൻ, അജു വർഗീസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നടൻ ചന്തു നാഥും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

ഫീനിക്സ് എന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് പറയുകയാണ് താരം. അജു വർഗീസ് വഴിയാണ് ചിത്രത്തിലേക്ക് എത്തുന്നതെന്നും ആദ്യമായി കഥ വായിച്ച് ഇഷ്ടമായപ്പോൾ ഒരു സിനിമ വായിച്ചെന്ന് കരുതി പോയിക്കോളാനാണ് മിഥുൻ മാനുവൽ തോമസ് പറഞ്ഞതൊന്നും ചന്തു പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമയിലേക്ക് എനിക്ക് ആദ്യം വരുന്ന കോള് അജു ചേട്ടന്റെതായിരുന്നു. കുറച്ചുനാളുകൾക്കു മുമ്പ് ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷന്റെ ഭാഗമായി ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഒരു കണക്ഷൻ വരുന്നത്.

ഞാൻ ഒരു ദിവസം തിരുവനന്തപുരത്ത് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ അജു ചേട്ടൻ എന്നെ വിളിച്ച് പെട്ടെന്ന് അത്യാവശ്യമായി കൊച്ചിയിൽ പോവാൻ പറഞ്ഞു.

അവിടെ ചെന്ന് മിഥുനിനെ കാണണം എന്നാണ് എന്നോട് പറഞ്ഞത്. മിഥുൻ മാനുവൽ തോമസ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കൊരു ആകാംഷയുണ്ടാവുമല്ലോ. അങ്ങനെ ഞാൻ അടുത്ത ദിവസം തന്നെ മിഥുൻ ചേട്ടനെ കാണാൻ പോയി.

അദ്ദേഹം, ഞാൻ വിചാരിച്ച പോലെയുള്ള ഒരാളല്ലായിരുന്നു. ഇത്രയും സിനിമകൾ ചെയ്ത് കഴിഞ്ഞ് അങ്ങനെ തിളങ്ങി നിൽക്കുന്ന ഒരാൾ അല്ലേ. പക്ഷെ മിഥുൻ ചേട്ടൻ നല്ല ഫ്രണ്ട്ലിയായിരുന്നു. അദ്ദേഹം എനിക്ക് സിനിമയുടെ സ്ക്രിപ്റ്റ് തന്നിട്ട് അതൊരു മൂന്ന് മണിക്കൂർ വായിച്ച് നോക്കാൻ പറഞ്ഞു.

മിഥുൻ മാനുവൽ എന്ന തിരക്കഥാകൃത്തിലായിരുന്നു ഞാൻ ആദ്യം വീണുപോയത്. പിന്നീട് സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ വീണ്ടും ഒരുപാട് ഇമ്പ്രസ്ഡായി. ഞാൻ നിർത്താതെ ഇടവേളയെടുക്കാതെ വായിച്ച ഒരു സ്ക്രിപ്റ്റാണ് ഈ സിനിമയുടേത്. മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം കണ്ണീരോടെയാണ് ഞാൻ പുറത്തേക്ക് വന്നത്.

എന്നിട്ട് ഞാൻ മിഥുൻ ചേട്ടനോട് ചോദിച്ചു, ചേട്ടാ ഇതിലെ ആ കഥാപാത്രമല്ലേ ഉദ്ദേശിക്കുന്നതെന്ന്. കാരണം എന്നോട് അജു ചേട്ടൻ പറഞ്ഞത് ചെറിയൊരു കഥാപാത്രമായിരിക്കും എന്നായിരുന്നു. പക്ഷെ വായിച്ചപ്പോൾ എനിക്ക് മനസിലായി ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് അതെന്ന്.

പക്ഷെ എന്നോട് മിഥുൻ ചേട്ടൻ പറഞ്ഞത്, നീയൊരു സിനിമ വായിച്ചു എന്ന് കരുതി പോയിക്കോളാനായിരുന്നു. അത് എനിക്ക് ഭയങ്കര വേദനയുണ്ടാക്കി. കാരണം സിനിമയുടെ കാസ്റ്റിങ്ങിൽ ശരിക്കും ഒന്ന് ഇരിക്കാനുണ്ടെന്ന് മിഥുൻ ചേട്ടൻ പറഞ്ഞു. എനിക്ക് നല്ല വിഷമം തോന്നി.

ഒരാഴ്ച്ച എനിക്ക് നല്ല പ്രയാസമായിരുന്നു. പക്ഷെ ഒടുവിൽ എനിക്കൊരു ഫോൺ വന്നു. നീയാണ് ഇത്‌ ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ ഈ ചിത്രത്തിലേക്ക് വരുന്നത്,’ചന്തു നാഥ്‌ പറയുന്നു.

Content Highlight: Chandhu Nath Talk About Director Midhun Manuel Thomas

Latest Stories

We use cookies to give you the best possible experience. Learn more