പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടനാണ് ചന്തു നാഥ്. ചുരുങ്ങിയകാലം കൊണ്ട് ജോഷി, കെ. മധു, ഷാജി കൈലാസ് തുടങ്ങി സീനിയർ സംവിധായകരോടൊപ്പമെല്ലാം സിനിമകൾ ചെയ്യാൻ ചന്തുവിന് കഴിഞ്ഞിട്ടുണ്ട്.
ഈയിടെ ഇറങ്ങിയ ഫീനിക്സ് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സംവിധായകൻ ജോഷിയുമൊത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. പാപ്പൻ എന്ന ചിത്രത്തിലെ തന്റെ ഷോട്ട് കഴിഞ്ഞതിനുശേഷം ഇറങ്ങാൻ നേരത്ത് ജോഷി സാർ വന്ന് തന്നോട് ഭാവിയിൽ വലിയ താരമാവുമെന്നും ആരോഗ്യമെല്ലാം ശ്രദ്ധിക്കണമെന്നും പറഞ്ഞത് പങ്കുവെക്കുകയാണ് ചന്തു നാഥ്. സെല്ലുലോയ്ഡ് മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചെറിയ വേഷങ്ങൾ ആണെങ്കിലും നമുക്ക് അവരുടെ സിനിമകളിൽ വർക്ക് ചെയ്യാൻ പറ്റിയെന്ന് പറഞ്ഞാൽ വലിയൊരു അച്ചീവ്മെന്റ് ആണ്. നാളെ എന്റെ ബയോഗ്രഫിയിലും ഫിലിമോഗ്രഫിയിലുമെല്ലാം അഭിമാനത്തോടെ പറയാൻ പറ്റുന്ന കാര്യങ്ങളാണ് അതെല്ലാം. അതൊരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.
പാപ്പൻ സിനിമയിൽ അഭിനയിച്ച സമയത്ത് എന്റെ ഷോട്ട് എല്ലാം കഴിഞ്ഞശേഷം ഞാൻ പോകാൻ നേരത്ത് ജോഷി സാർ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു, നീ ആരോഗ്യം നോക്കണം, നാളെ നീയൊരു താരമാവുമെന്ന്.
ഞാൻ താരമാവുമോ ആവില്ലേ എന്നുള്ളതല്ല കാര്യം. ജോഷി സാർ അത് പറഞ്ഞു, അതാണ് വലിയ കാര്യം. അദ്ദേഹം അങ്ങനെ പറയണമെങ്കിൽ സാറിന് എന്നെക്കുറിച്ച് എന്തെങ്കിലും തോന്നിയിട്ടുണ്ടാകണം.
ഞാൻ ഏറെ ബഹുമാനത്തോടെ കാണുന്ന സംവിധായകനാണ് ജോഷി സാർ. അദ്ദേഹം മനസിൽ നിന്ന് പറയുന്ന കാര്യങ്ങളാണ് അതെല്ലാം,’ ചന്തു നാഥ് പറയുന്നു.
Content Highlight: Chandhu Nath Talk About Director Joshy