| Thursday, 24th January 2019, 5:31 pm

സാമ്പത്തിക ക്രമക്കേട്, വഞ്ചനാകുറ്റം; മുൻ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ചന്ദ കൊച്ചാറിനും ഭർത്താവിനുമെതിരെ സി.ബി.ഐ. എഫ്.ഐ.ആർ. ഫയൽ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോൺ തിരിച്ചടയ്ക്കാതെ ക്രമക്കേട് വരുത്തിയെന്ന് കണ്ട് മുൻ ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഓയും എം.ഡിയുമായ ചന്ദ കൊച്ചാറിനും ഭർത്താവിനുമെതിരെ സി.ബി.ഐ. കേസ് എടുത്തു. ഒപ്പം തന്നെ വീഡിയോകോൺ ഇലക്ട്രോണിക്സ് തലവൻ വേണുഗോപാൽ ദൂതിനെതിരെയും സി.ബി.ഐ. കേസ് ചാർജ് ചെയ്തിട്ടുണ്ട്.

2012ൽ ഐ.സി.ഐ.സി.ഐ. ബാങ്കിൽ നിന്നും ചന്ദ കൊച്ചാറിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള നൂ-പവറും വീഡിയോകോണും ലോണുകൾ സ്വീകരിച്ചിരുന്നു. ഈ ലോണുകൾ ക്രമവിരുദ്ധമായാണ് ഇവർ നേടിയെടുത്തതെന്ന് കണ്ടാണ് ഇവർക്കെതിരെ വഞ്ചനാകുറ്റത്തിനും, സാമ്പത്തിക ഇടപാടിൽ ക്രമക്കേട് വരുത്തിയെന്നും കാണിച്ച് സി.ബി.ഐ. കേസ് എടുത്തത്.

Also Read കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകളല്ലേ: കെ. സുധാകരനെതിരെ കെ. അജിത

ലോണുകൾ അനധികൃതമായി സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നും തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് സി.ബി.ഐ. പറയുന്നു. നൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ്, വീഡിയോകോൺ ഇൻഡസ്ട്രീസ് എന്നീ കമ്പനികൾക്കെതിരെയാണ് സി.ബി.ഐ. കുറ്റം ചുമത്തിയിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധനം എന്നീ വകുപ്പുകൾ അനുസരിച്ച് ഇവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

കേസ് എടുത്തതിനു ശേഷം വീഡിയോകോണിന്റെ മുംബൈയിലും, ഓറംഗാബാദിലുമുള്ള ഓഫീസുകളിൽ സി.ബി.ഐ. റെയ്‌ഡുകൾ നടത്തി. ദീപക് കൊച്ചാറിന്റെ കമ്പനികളായ നൂപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിലും, സുപ്രീം എനർജിയിലും കൂടി ഇതിന് ശേഷം സി.ബി.ഐ. റെയ്‌ഡുകൾ നടത്തുകയുണ്ടായി.

Also Read സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരത്തെ ചൊല്ലി ബി.ജെ.പി യോഗത്തില്‍ തര്‍ക്കം

2012ൽ ഐ.സി.ഐ.സി.ഐ. ബാങ്കിൽ നിന്നും വേണുഗോപാൽ ദൂത് 3,250 കോടി രൂപ അനധികൃതമായി ലോൺ എടുത്തുവെന്നും അത് ന്യൂപവർ റിന്യൂവബിൾസിൽ നിക്ഷേപിച്ചുവെന്നും സി.ബി.ഐ. ആരോപിക്കുന്നു. ക്രമക്കേട് കണ്ടതിനെ തുടർന്ന് പത്ത് മാസം മുൻപ് സി.ബി.ഐ. ദീപക് കൊച്ചാറിനും, വേണുഗോപാൽ ദൂതിനുമെതിരെ സി.ബി.ഐ. പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more