കൊല്ലം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ചന്ദനത്തോപ്പ് ഐ.ടി.ഐ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി. കൃഷ്ണകുമാറിന് വോട്ട് ചോദിക്കാം എന്നാല്‍ കോളേജിലെ ഔദ്യോഗിക പരിപാടിയില്‍ സമ്മാന ദാനം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് യൂണിറ്റ് സെക്രട്ടറി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ക്യാമ്പസില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സമ്മാന ദാനം നിര്‍വഹിക്കാനായി യൂണിയന്‍ തീരുമാനിച്ചിരുന്നത് പ്രിന്‍സിപ്പാളിനെയാണ്. എന്നാല്‍ വോട്ട് ചോദിക്കാനെന്ന് പറഞ്ഞ് എത്തിയ കൃഷ്ണകുമാര്‍ സമ്മാന ദാനം നടത്താന്‍ മുതിരുകയായിരുന്നു. ഈ നീക്കത്തെയാണ് എസ്.എഫ്.ഐ തടഞ്ഞതെന്ന് യൂണിറ്റ് സെക്രട്ടറി വ്യക്തമാക്കി.
കൊടി തോരണങ്ങളുമായി ക്യാമ്പസില്‍ എത്തുകയും തങ്ങളെ ഉപദ്രവിക്കുകയും ചെയ്ത 30ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് ക്യാമ്പസിലെത്തി ആര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാന ദാനം നടത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നെന്നാണ് എസ്.എഫ്.ഐയുടെ വാദം. ദിവസങ്ങള്‍ക്ക് മുമ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനും ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
Content Highlight: Chandanathope ITI SFI unit reacts to the incident of stopping G. Krishnakumar