ചന്ദനമഴ സീരിയലില്‍ താന്‍ ഒറിജിനല്‍ പാമ്പിനെയാണ് പിടിക്കുന്നതെന്നും വളരെ നാടകീയ രംഗങ്ങളാണ് ആ സീന്‍ പിടിക്കുമ്പോള്‍ ലൊക്കേഷനില്‍ അരങ്ങേറിയിരുന്നതെന്നും നടി മേഘന. ആദ്യം നല്ല പേടി തോന്നിയിരുന്നെന്നും അഭിനയിക്കുമ്പോള്‍ മുഖത്ത് പ്രകടമാകരുതല്ലോ എന്നോര്‍ത്ത് ഉള്ളിലൊതുക്കുകയായിരുന്നെന്നും മേഘന പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേഘന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സീനില്‍ ശരിക്കും ഞാന്‍ പാമ്പിനെ എടുത്തിട്ടുണ്ടായിരുന്നു. ആദ്യം എല്ലാവരെയും പോലെ എനിക്കും പേടിയുണായിരുന്നു.
പക്ഷേ, നമ്മുടെ മനസിലുള്ളത് എന്താണെന്ന് അഭിനയിക്കുമ്പോള്‍ മുഖത്ത് കാണാന്‍ പാടില്ലല്ലോ. ആദ്യം എന്നോട് പറഞ്ഞത് ചെറിയൊരു പാമ്പ് ആണെന്നായിരുന്നു. കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നിങ്ങള്‍ക്ക് കാണുമ്പോള്‍ അറിയാനാകും. അതിന് നല്ല വലിപ്പമുണ്ട്.
അതിനെ എന്നോട് പിടിക്കാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് കൈ വിറച്ചിട്ടാണെങ്കിലും ഞാന്‍ പിടിച്ചു. അതുകഴിഞ്ഞപ്പോള്‍ അവരെന്നോട് പറഞ്ഞു മോളേ അത് മുറുക്കരുത്, മുറുക്കിയാല്‍ ചിലപ്പോള്‍ കയ്യില്‍ ചുറ്റാന്‍ സാധ്യതയുണ്ടെന്ന്. അതുകേട്ടപ്പോള്‍ ഞാന്‍ ഭയങ്കരമായിട്ട് ലൂസാക്കി പിടിച്ചു. ലൂസായപ്പോള്‍ അത് കയ്യിന്റെ ഉള്ളിലൂടെ ഇഴയാന്‍ തുടങ്ങി. അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്ന ഫീല്‍ ആയിരുന്നു.
ആദ്യത്തെ പിടിത്തത്തില്‍ തന്നെ അത് ഇഴഞ്ഞിട്ട് രണ്ട് സൈഡിലേക്കും നോക്കി എന്റെ നേര്‍ക്ക് ഒരു നോട്ടം വന്നു. നമ്മള്‍ മൂന്ന് ലോകം ഒരുമിച്ച് കാണും എന്നൊക്കെ പറഞ്ഞ പോലൊരു ഫീല്‍ ആയിരുന്നു എനിക്കപ്പോള്‍.
പിന്നെ ടേക്കിന്റെ സമയത്ത് എന്നോട് പറഞ്ഞു ഒരുപാട് നേരം എടുക്കേണ്ട ഒറ്റ ടേക്കില്‍ എടുത്താല്‍ മതി, നേരെ പാമ്പിന്റെ അടുത്തേക്ക് വന്ന് പ്രാര്‍ത്ഥിച്ച് അതിനെ എടുത്ത് പോയാല്‍ മതി എന്ന്.
ഞാന്‍ അതുപോലെയൊക്കെ ചെയ്തു. ദൂരെ നിന്ന് ആ ചേട്ടന്‍ എനിക്ക് ആക്ഷന്‍സ് കാട്ടുന്നുണ്ടായിരുന്നു. അങ്ങനെ ആദ്യത്തെ രണ്ട് ടേക്കുകള്‍ ഓക്കെ ആയി. രണ്ടാമത്തേതില്‍ എടുത്ത് പിടിച്ചപ്പോഴേക്കും അതിന്റെ വായിലെ സ്റ്റിച്ച് വിട്ടു, അത് ചീറ്റി.
അത് ലൊക്കേഷനില്‍ മൊത്തം ഡിസ്ട്രാക്ഷന്‍ ഉണ്ടാക്കി, എല്ലാരും നിലവിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞാന്‍ പിടുത്തം വിടാതെ നിന്നു. കയ്യില്‍ നിന്ന് വിട്ട് കഴിഞ്ഞാല്‍ അതെങ്ങോട്ട് ഓടുമെന്ന് എനിക്കറിയില്ലായിരുന്നു.
എനിക്കിപ്പോഴും ഓര്‍മയുണ്ട്, ക്യാമറാമാന്‍ ചേട്ടന്‍ ക്യാമറ അവിടെയിട്ട് ഓടിയത്. ആ ചേട്ടന്‍ തിരിച്ചുവരുന്നത് വരെ അയ്യോ എന്റമ്മേ എന്നും പറഞ്ഞ് ഞാന്‍ കണ്ണുംപൂട്ടി നിന്നു. പിന്നെ ആ ചേട്ടന്‍ വന്ന് പാമ്പിനെ മാറ്റി, എന്റെ കയ്യൊക്കെ വെള്ളത്തിലിട്ട് കൂളാക്കി. ആ സീനാണ് റീസെന്റ്‌ലി വൈറലായത്,’ മേഘന പറഞ്ഞു.
അതിന് ശേഷം പാമ്പിനോടുള്ള പേടി മാറിയെന്നും അതിനെയൊരു പാവമായിട്ട് കാണാന്‍ തുടങ്ങിയെന്നും മേഘന പറഞ്ഞു.