| Friday, 6th December 2019, 6:17 pm

യു.കെയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; അറിയേണ്ടതെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.കെ.യില്‍ നഴ്‌സുമാര്‍ക്ക് അവസരം.

അറിയേണ്ടതെല്ലാം

1. നഴ്‌സുമാര്‍ക്ക് യു.കെയില്‍ തൊഴില്‍ നേടുന്നതിനായി ഒഡെപെക് ഒരുക്കുന്ന അവസരങ്ങള്‍ ഏതൊക്കെയാണ്?

യു.കെ സര്‍ക്കാരിന്റെ കീഴിലുള്ള ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് (എച്ച്.ഇ.ഇ) എന്ന സ്ഥാപനം നടപ്പിലാക്കുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം (ജി.എല്‍.പി) എന്ന പദ്ധതി മുഖേനയാണ് ഒഡെപെക് യു.കെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍/സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഒരുപോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് ലീവ് അനുവദിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2. എന്താണ് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം (ജി.എല്‍.പി)?

നഴ്‌സുമാര്‍ക്ക് യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം പുതിയ അറിവുകള്‍ നേടുന്നതിനും അവസരമൊരുക്കുന്ന മൂന്നുവര്‍ഷം കാലാവധിയുള്ള ഒരു സവിശേഷപദ്ധതിയാണ് ജി.എല്‍.പി.

3. എന്തുകൊണ്ട് ഒഡെപെക് തെരഞ്ഞെടുക്കണം?

റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യംസൗഹാര്‍ദ്ദപരവും വിശ്വസനീയവും സമര്‍പ്പണബോധവും ഉള്ള റിക്രൂട്ട്‌മെന്റ് ടീംസ്വകാര്യ ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷണംമുഴുവന്‍സമയ സേവന ലഭ്യതശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശംഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി/സി.ബി.ടി പരീക്ഷാ ഫീസുകളും ട്രെയിനിംഗ് ഫീസുകളും തിരികെ ലഭിക്കുന്നു.എന്‍.എം.സി ആപ്ലിക്കേഷന്‍ ഫീസ് തിരികെ ലഭിക്കുന്നു.സൗജന്യ എയര്‍ ടിക്കറ്റ്മൂന്നുമാസത്തെ സൗജന്യതാമസംഒ.എസ്.സി.ഇ പരീക്ഷാഫീസും യാത്രാചെലവും തൊഴില്‍ദാതാവ് തന്നെ വഹിക്കുന്നു.

4. പങ്കെടുക്കുന്നതിനുള്ള യോഗ്യതകള്‍

ബി.എസ്.സി. നഴ്‌സിംഗ് / ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (ജി.എന്‍.എം)നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം

5. ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്കു പങ്കെടുക്കാനാവുമോ ? 

നിങ്ങള്‍ ഒരു വര്‍ഷത്തിലും അധികമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം കൂടി നേടിയാല്‍ ഈ പദ്ധതിയില്‍ ചേരാം.

6. പദ്ധതിക്ക് പ്രായ-ലിംഗ പരിമിതികളുണ്ടോ?

ഇല്ല. നിങ്ങള്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരും യു.കെയില്‍ ജോലിചെയ്യുന്നതിനുള്ള സന്നദ്ധതയും ആരോഗ്യവും ഉള്ളവരുമാണെങ്കില്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാവുന്നതാണ്.

7. പദ്ധതിയില്‍ ചേരുന്നതിന് ഇംഗ്ലീഷ് ഭാഷാ പരീക്ഷാ യോഗ്യതകള്‍ ആവശ്യമുണ്ടോ?

ഉണ്ട്. യു.കെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഐ.ഇ.എല്‍.ടി.എസ് അഥവാ ഒ.ഇ.ടി. പരീക്ഷകളില്‍ താഴെ പറയുന്ന സ്‌കോറുകള്‍ നേടേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം


* ഐ.ഇ.എല്‍.ടി.എസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം)

റൈറ്റിംഗ്: 6.5

ലിസണിംഗ്/റീഡിംഗ്/സ്പീക്കിംഗ്: 7.0

ഓവറോള്‍ സ്‌കോര്‍: 7.0

* ഒ.ഇ.ടി. (ഒക്ക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്)

റൈറ്റിംഗ്/ലിസണിംഗ്/റീഡിംഗ്/സ്പീക്കിംഗ്: ബി ഗ്രേഡ്

ഓവറോള്‍ സ്‌കോര്‍: ബി ഗ്രേഡ്

8. ഐ.ഇ.എല്‍.ടി.എസ് പരീക്ഷയിലെ ജനറല്‍, അക്കാഡമിക് വിഭാഗങ്ങളില്‍ ഏതാണ് ഈ പദ്ധതിയില്‍ ആവശ്യമുള്ളത്?

അക്കാഡമിക്.

9. ഐ.ഡി.പിയുടെ ഐ.ഇ.എല്‍.ടി.എസ് പരീക്ഷ എഴുതാമോ?

എഴുതാം. ഐ.ഡി.പി, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നീ ടെസ്റ്റ് പ്രൊവൈഡര്‍മാരില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.

10. ഐ.ഇ.എല്‍.ടി.എസ്/ഒ .ഇ.ടി സ്‌കോര്‍ ക്ലബ്ബിംഗ് അനുവദനീയമാണോ?

അനുവദനീയമാണ്. താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് സിറ്റിംഗിലെ സ്‌കോറുകള്‍ തമ്മില്‍ ക്ലബ്ബ് ചെയ്യാവുന്നതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് ടെസ്റ്റുകള്‍ക്കും ഇടയ്ക്കുള്ള ദൈര്‍ഘ്യം 6 മാസത്തില്‍ അധികമാവരുത്. ഒരു ടെസ്റ്റില്‍ നാലു മൊഡ്യൂളുകളും എഴുതിയിരിക്കണം. ഐ.ഇ.എല്‍.ടി.എസില്‍ നാലു മൊഡ്യൂളുകളിലും കുറഞ്ഞത് 6.5 എങ്കിലും സ്‌കോര്‍ ഉണ്ടാവണം. കൂടാതെ രണ്ട് ടെസ്റ്റുകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ റൈറ്റിംഗില്‍ 6.5 ഉം മറ്റ് മൊഡ്യൂളുകള്‍ക്ക് 7.0 ഉം സ്‌കോര്‍ ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം


ഒ.ഇ.ടിയില്‍ നാലു മൊഡ്യൂളുകളിലും കുറഞ്ഞത് സി പ്ലസ് എങ്കിലും സ്‌കോര്‍ ഉണ്ടാവണം. കൂടാതെ രണ്ട് ടെസ്റ്റുകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മൊഡ്യൂളുകള്‍ക്കും ആ ഗ്രേഡ് ഉണ്ടായിരിക്കണം.

11. പദ്ധതിയില്‍ പങ്കെടുക്കുമ്പോള്‍ എന്തു ചെലവ് വരും?

ഈ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒഡെപെക് പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്. താഴെപറയുന്ന ചെലവുകള്‍ ഒഡെപെക് മുഖാന്തിരം യു.കെയിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് യു.കെ.യിലേക്കുള്ള യാത്രയ്ക്കു മുമ്പ് ഒഡെപെക് തന്നെ തിരിച്ചുനല്‍കുന്നതാണ്.

– ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി പരീക്ഷാ ഫീസ്

– ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി ട്രെയിനിംഗ് ഫീസ്

– സി.ബി.ടി പരീക്ഷ ഫീസ്

– എന്‍.എം.സി ആപ്ലിക്കേഷന്‍ ഫീസ്

താഴെപ്പറയുന്ന ചിലവുകള്‍ എച്ച്.ഇ.ഇ അല്ലെങ്കില്‍ എന്‍.എച്ച്.എസ് വഹിക്കും.

– വിസ, ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് (മൂന്നു വര്‍ഷം കൊണ്ട് നഴ്‌സിന്റെ സാലറിയില്‍ നിന്നും തിരിച്ചുപിടിക്കുന്ന വിധത്തില്‍)

– സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ചാര്‍ജ്

– എയര്‍ ടിക്കറ്റ്

– ഒ.എസ്.സി.ഇ പരീക്ഷ ഫീസും അനുബന്ധ യാത്രാച്ചെലവും

12. ഒഡെപെകിന് ഏതെങ്കിലും വിധത്തിലുള്ള റിക്രൂട്ട്‌മെന്റ്/സര്‍വീസ് ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ടോ?

ഇല്ല. ഈ പദ്ധതിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും യാതൊരു വിധത്തിലുള്ള റിക്രൂട്ട്‌മെന്റ് ചാര്‍ജും ഒഡെപെക് ഈടാക്കുന്നില്ല. കൂടാതെ ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി/സി.ബി.ടി എന്നിവയ്ക്കുള്ള പരീക്ഷ ഫീസ്, ട്രെയിനിംഗ് ഫീസ് എന്നിവയും എന്‍.എം.സിയുടെ ആപ്ലിക്കേഷന്‍ ഫീസും ഉദ്യോഗാര്‍ത്ഥിക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.

13. എങ്ങനെയാണ് ഈ പ്രോഗ്രാമിന് അപേക്ഷിക്കേണ്ടത്?

ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിനുശേഷം സ്വന്തം പ്രൊഫൈലില്‍ കയറി ജി.എല്‍.പി പ്രോഗ്രാമിനുള്ള സമ്മതം രേഖപ്പെടുത്തണം. ഒഡെപെകിന്റെ ജീവനക്കാര്‍ നിങ്ങളെ മെയില്‍ മുഖേന കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതാണ്. കൂടാതെ glp@odepc.in എന്ന  ഈമെയിലിലേക്ക് നേരിട്ടും അപേക്ഷ അയയ്ക്കാവുന്നതാണ്.

14. ഈ പ്രോഗ്രാം മുഖേനയുള്ള സാലറിപാക്കേജ് എങ്ങിനെയാണ്?

എന്‍.എച്ച്.എസ് രാജ്യവ്യാപകമായി അംഗീകരിച്ച ‘ബാന്‍ഡ്’ എന്നറിയപ്പെടുന്ന സാലറിപാക്കേജുകളാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. എന്‍.എം.സി രജിസ്േ്രടഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ ബാന്‍ഡ് 3 സാലറിയിലായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നത്. ഒ.എസ്.സി.ഇ പരീക്ഷ പാസായി എന്‍.എം.സി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് ബാന്‍ഡ് 5 സാലറിയായിരിക്കും ലഭിക്കുന്നത്. എന്‍.എച്ച്.എസിന്റ സാലറിപാക്കേജുകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് താഴെപ്പറയുന്ന ലിങ്ക് പരിശോധിക്കുക.

https://www.nhsemployers.org/your-workforce/pay-and-reward/agenda-for-change/pay-scales/annual

15. ഇന്റര്‍വ്യൂ എങ്ങനെയായിരിക്കും?

സ്‌കൈപ് മുതലായ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മാധ്യമങ്ങളിലൂടെയാണ് മിക്കവാറും ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുന്നത്.

16. ഇന്റര്‍വ്യൂ ചെയ്യുന്നത് ആരായിരിക്കും?

അതാത് എന്‍.എച്ച്.എസ് ട്രസ്റ്റുകളുടെ റിക്രൂട്ട്‌മെന്റ് മേധാവിയും ഒരു സീനിയര്‍ നഴ്‌സും അടങ്ങുന്ന ഇന്റര്‍വ്യൂ പാനല്‍ ആയിരിക്കും ഇന്റര്‍വ്യൂ ചെയ്യുക. ഏത് ട്രസ്റ്റ് ആണ് എന്നത് മുന്‍പേതന്നെ നിങ്ങളെ അറിയിക്കും.

17. എന്‍.എം.സി രജിസ്‌ട്രേഷന്റെ ഭാഗമായി ഏതെങ്കിലും പരീക്ഷകള്‍ ജയിക്കേണ്ടതുണ്ടോ?

എന്‍.എം.സി രജിസ്‌ട്രേഷന്റെ ഭാഗമായി രണ്ട് പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്.

1. സി.ബി.ടി അഥവാ Test of Competence (part 1)-   ഇത് എന്‍.എം.സി രജിസ്‌ട്രേഷന്റെ തുടക്കത്തില്‍ അവരവരുടെ ഹോം കണ്‍ട്രിയിലാണ് എഴുതുന്നത്. രണ്ട് ചാന്‍സുകളാണ് ഈ പരീക്ഷയ്ക്കുള്ളത്. രണ്ടിലും പരാജയപ്പെട്ടാല്‍ ആറുമാസത്തിന് ശേഷമേ വീണ്ടും എഴുതാനാകൂ.

പ്രതീകാത്മക ചിത്രം


2. Objective Structured Clinical Examination (ഒ.എസ്.സി.ഇ) എന്ന രണ്ടാമത്തെ പരീക്ഷ യു.കെയില്‍ മാത്രമേ എഴുതാനാകൂ. ആദ്യ പരീക്ഷയ്ക്കുള്ള ഫീസും യാത്രാച്ചിലവും നിങ്ങളെ തെരഞ്ഞെടുത്ത എന്‍.എച്ച്.എസ് ട്രസ്റ്റ് തന്നെ വഹിക്കും. പരീക്ഷയ്ക്കുള്ള പരിശീലനവും ട്രസ്റ്റ് തന്നെ നല്‍കുന്നതായിരിക്കും. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ക്കുള്ള പരീക്ഷാ ഫീസ് ട്രസ്റ്റ് നല്‍കുമെങ്കിലും അത് നിങ്ങളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുന്നതായിരിക്കും. ഈ പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. മൂന്ന് തവണയും പരാജയപ്പെട്ടാല്‍ സ്വന്തം ചെലവില്‍ നിങ്ങള്‍ക്ക് തിരികെ പോരേണ്ടി വരും.

18. സി.ബി.ടി പരീക്ഷയ്ക്ക് എന്തെങ്കിലും പരിശീലനം ലഭിക്കുമോ?

ജി.എല്‍.പി പ്രോഗ്രാമിന്റെ ഭാഗമായി സി.ബി.ടി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനായി പ്രത്യേക ട്രെയിനിംഗ് ബുക്‌ലെറ്റും ഓണ്‍ലൈന്‍ ഇ-ലേണിംഗ് കോഴ്‌സും നല്‍കിവരുന്നു. ഇതു കൂടാതെ സി.ബി.ടി പരിശീലനത്തിനായി ഒഡെപെക് പ്രത്യേകം സ്റ്റഡി മെറ്റീരിയല്‍സ് നല്‍കിവരുന്നുണ്ട്.

19. ഒ.എസ്.സി.ഇ പരീക്ഷയ്ക്ക് എന്തെങ്കിലും പരിശീലനം ലഭിക്കുമോ?

ജി.എല്‍.പിയുടെ ഭാഗമായി ഒ.എസ്.സി.ഇ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനായി പ്രത്യേക ട്രെയിനിംഗ് നല്‍കിവരുന്നു. എന്‍.എച്ച്.എസ് ട്രസ്റ്റ് നിങ്ങള്‍ക്കായി നിയോഗിക്കുന്ന ഒരു ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ഒ.എസ്.സി.ഇ പരീക്ഷയ്ക്കായി നിങ്ങളെ പരിശീലിപ്പിക്കും. ജി.എല്‍.പി പദ്ധതിയില്‍ 100% വിജയമാണ് ഒ.എസ്.സി.ഇ പരീക്ഷയില്‍ കണ്ടുവരുന്നത്.

20. ഒ.എസ്.സി.ഇ പരീക്ഷയ്ക്ക് പരാജയപ്പെടുകയാണെങ്കില്‍ തിരികെ വരുന്നതിനുള്ള എയര്‍ടിക്കറ്റ് ചാര്‍ജ് ആരായിരിക്കും വഹിക്കുന്നത്?

ഒ.എസ്.സി.ഇ പരീക്ഷയ്ക്ക് 3 ചാന്‍സുകള്‍ ലഭിക്കും. ഒന്നാമത്തെ ചാന്‍സിന്റെ ഫീസ് എന്‍.എച്ച്.എസ് ട്രസ്റ്റ് തന്നെ നല്‍കും. രണ്ടും മൂന്നും ചാന്‍സുകളുടെ ഫീസ് എന്‍.എച്ച്.എസ് ട്രസ്റ്റ് നല്‍കുമെങ്കിലും മാസംതോറും നിങ്ങളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കും. ഒ.എസ്.സി.ഇ പരീക്ഷയില്‍ 100% വിജയമാണ് കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെടുകയാണെങ്കില്‍ രണ്ടും മൂന്നും ചാന്‍സുകളുടെ ഫീസ് തിരികെ നല്‍കേണ്ടിവരും. കൂടാതെ തിരിച്ചുവരാനുള്ള എയര്‍ടിക്കറ്റും സ്വയം വഹിക്കേണ്ടി വരും.

21. കുടുംബത്തെ യു.കെയിലേക്ക് കൊണ്ടുപോകാനാകുമോ?

കൊണ്ടുപോകാം. ഭാര്യ/ഭര്‍ത്താവ് അഥവാ ജീവിതപങ്കാളി, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ കൂടെ കൊണ്ടുപോകാവുന്നതാണ്.

22. ഭാര്യ/ഭര്‍ത്താവിന് യു.കെ.യില്‍ ജോലി ചെയ്യാനാകുമോ?

ചെയ്യാം. പക്ഷേ അതിനുമുമ്പ് അവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ലഭിച്ചിരിക്കണം. അതിനായി http://www.gov.uk/apply-national-insurance-number എന്ന ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്.

പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ ആവശ്യമായ മേഖലകളിലുള്ളവര്‍ അതാത് രജിസ്‌ട്രേഷന്‍ നേടേണ്ടിവരും.

23. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ആരാണ് വഹിക്കുന്നത്?

യു.കെയില്‍ കുട്ടികള്‍ക്ക് പ്രൈമറി/സെക്കന്‍ഡറി തലങ്ങളിലെ വിദ്യാഭ്യാസം സൗജന്യമാണ്.

24. പങ്കാളിയുടേയും കുട്ടികളുടെയും എയര്‍ടിക്കറ്റ് ചാര്‍ജുകള്‍ ആരായിരിക്കും വഹിക്കുന്നത്?

പങ്കാളിയുടേയും കുട്ടികളുടെയും എയര്‍ടിക്കറ്റ് ചാര്‍ജുകള്‍ നിങ്ങള്‍ തന്നെ വഹിക്കേണ്ടി വരും. ആയതിനാല്‍ എന്‍.എം.സി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം കുടുംബത്തെ കൊണ്ടുവരുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

25. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറാന്‍ സാധിക്കുമോ?

ജി.എല്‍.പിയുടെ കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറുകയാണെങ്കില്‍ എന്‍.എച്ച്.എസ് ട്രസ്റ്റ് നിങ്ങള്‍ക്കുവേണ്ടി ചിലവഴിച്ച തുക നിങ്ങള്‍ തിരികെ നല്‍കേണ്ടിവരും. അത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ഹോസ്പിറ്റലിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്‌മെന്റുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.

We use cookies to give you the best possible experience. Learn more