| Saturday, 13th July 2024, 3:06 pm

മെസിയും യമാലും നേർക്കുനേർ; സ്‌പെയ്ൻ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂര്‍ണ്ണമെന്റുകളുടെ കലാശ പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ യൂറോയില്‍ സ്‌പെയ്‌നും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും കൊളംമ്പിയയും ഏറ്റുമുട്ടും.

ഇപ്പോഴിതാ സ്പാനിഷ് യുവതാരം ലാമിന്‍ യമാലും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതകളാണ് ഫുട്‌ബോള്‍ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന കിരീടം നേടുകയും യൂറോ കപ്പില്‍ സ്‌പെയ്ന്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി കൊണ്ട് ട്രോഫി നേടുകയും ചെയ്താല്‍ ഫുട്‌ബോള്‍ ലോകത്തിനു മുന്നില്‍ സ്‌പെയ്ന്‍-അര്‍ജന്റീന പോരാട്ടം നടക്കും.

കോപ്പ ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന ഫൈനല്‍ സീമയിലാവും സ്‌പെയ്നും അര്‍ജന്റീനയും ഏറ്റുമുട്ടുക. ഇതോടെ യമാലും മെസിയും പരസ്പരം ഏറ്റുമുട്ടുന്നത് കാണാനും ആരാധകര്‍ക്ക് സാധിക്കും. 2025ലാണ് ഫൈനല്‍ സീമ നടക്കുക. അതുകൊണ്ടുതന്നെ രണ്ട് തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ മുഖാമുഖമെത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.

യൂറോ കപ്പില്‍ സ്പാനിഷ് പടക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് യമാല്‍ നടത്തിയത്. ഇതിനോടകം തന്നെ ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. ഫൈനലില്‍ എത്തുന്നതിനു മുന്നോടിയായി ഒരുപിടി ചരിത്രനേട്ടങ്ങള്‍ യമാല്‍ സ്വന്തമാക്കിയിരുന്നു.

യൂറോകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, അസിസ്റ്റ് നേടുന്ന പ്രായം കുറഞ്ഞ താരം, യൂറോകപ്പിന്റെ സെമിഫൈനലില്‍ കളത്തില്‍ ഇറങ്ങുന്ന പ്രായം കുറഞ്ഞ താരം, സെമി ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ നേട്ടങ്ങള്‍ ആയിരുന്നു യമാല്‍ നേടിയത്.

മറുഭാഗത്ത് അര്‍ജന്റീനക്കൊപ്പം ലയണല്‍ മെസി ഒരു ഗോളും അസിസ്റ്റുമാണ് ഈ കോപ്പയില്‍ നേടിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കുപറ്റിയതിന് പിന്നാലെ താരത്തിന് രണ്ടു മത്സരങ്ങള്‍ നഷ്ടമായിരുന്നു.

സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരെയായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. ഇതോടെ യൂറോകപ്പിന്റെ വ്യത്യസ്തമായ ആറ് എഡിഷനുകളില്‍ ഗോള്‍ നേടുന്ന താരമായി മാറാനും ഇന്റര്‍ മയാമി നായകന് സാധിച്ചിരുന്നു.

മെസിയും യമാലും ഒരുമിച്ചുള്ള പണ്ടത്തെ ഒരു ഫോട്ടോ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007 ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ്‌നൗവില്‍ വെച്ചുള്ള ഒരു ഫോട്ടോ ഷൂട്ടിലായിരുന്നു മെസി ആറ് മാസം മാത്രം പ്രായമുള്ള യമാലിനൊപ്പം ഫോട്ടോ എടുത്തിരുന്നത്.

Content Highlight: Chances of Lamine Yamal and Lionel Messi Match in Final Seema 2025

We use cookies to give you the best possible experience. Learn more