| Monday, 4th December 2023, 8:07 pm

സഞ്ജുവിന് മുമ്പോട്ടുള്ള വഴിയൊരുക്കി ത്രിപുര; അട്ടിമറി തോല്‍വിയില്‍ നടുങ്ങി വമ്പന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് മുംബൈ. കിനി സ്‌പോര്‍ട്‌സ് അരീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സിനായിരുന്നു ത്രിപുരയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ത്രിപുര നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടിയപ്പോള്‍ 40.1 ഓവറില്‍ 211 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാന്‍ സാധിച്ചത്. മോശം കാലവസ്ഥ മൂലം വി.ജെ.ഡി മെത്തേഡിലൂടെ മുംബൈയുടെ വിജയലക്ഷ്യം 43 ഓവറില്‍ 265 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു.

ത്രിപുരയോട് പരാജയപ്പെട്ടെങ്കിലും ആറ് മത്സരത്തില്‍ നിന്നും 20 പോയിന്റോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ മുംബൈക്കായിരുന്നു. അഞ്ച് ജയവും ഒരു പരാജയവുമാണ് മുംബൈക്കുള്ളത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു തോല്‍വിയുമടക്കം 20 പോയിന്റുമായി കേരളം തൊട്ടുപുറകിലുണ്ട്.

നെറ്റ് റണ്‍ റേറ്റിലെ നേരിയ വ്യത്യാസത്തിലാണ് മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്. +1.952 എന്ന നെറ്റ് റണ്‍ റേറ്റാണ് മുംബൈക്കുള്ളത്. +1.916 ആണ് രണ്ടാമതുള്ള കേരളത്തിന്റെ നെറ്റ് റണ്‍ റേറ്റ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമിനും ഓരോ മത്സരം വീതം ബാക്കിയുണ്ടെന്നിരിക്കെ മുംബൈയുടെ ഈ തോല്‍വി കേരളത്തിനാണ് ഗുണകരമായി ഭവിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ കളിക്കാമെന്നിരിക്കെ റെയില്‍വേയ്‌സിനെതിരായ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയാല്‍ കേരളത്തിന് നേരിട്ട് ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിച്ചേക്കും. ചൊവ്വാഴ്ചയാണ് മത്സരം.

ചൊവ്വാഴ്ച മുംബൈയും തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുന്നുണ്ട്. ഒഡീഷയാണ് മുംബൈയുടെ എതിരാളികള്‍.

ഒരുപക്ഷേ ഈ മത്സരത്തിന് ശേഷവും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണെങ്കിലും കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാനുള്ള സാധ്യതകള്‍ ബാക്കി നില്‍ക്കും.

ഗ്രൂപ്പ് എ മുതല്‍ ഇ വരെ അഞ്ച് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എ, ബി, സി ഗ്രൂപ്പുകളില്‍ എട്ട് ടീമുകള്‍ വീതവും ഡി, ഇ ഗ്രൂപ്പുകളില്‍ ഏഴ് ടീമുകള്‍ വീതവുമാണുള്ളത്.

ഗ്രൂപ്പ് ഘട്ട മത്സരത്തിന് പിന്നാലെ ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും.

ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരെ അവരുടെ പോയിന്റിന്റെയോ നെറ്റ് റണ്‍ റേറ്റിന്റെയോ അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലായി പട്ടിക തയ്യാറാക്കും.

ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരാണ് ഉണ്ടാവുക. പോയിന്റിന്റെയും നെറ്റ് റണ്‍ റേറ്റിന്റെയും അടിസ്ഥാനത്തിലാണ് ഈ സ്ഥാനങ്ങളും നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ ആറാം സ്ഥാനക്കാര്‍ക്കും നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടാം.

ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കുകയും വിജയിക്കുന്ന രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിന് യോഗ്യത നേടുകയും ചെയ്യും.

ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങളാകും മുംബൈയുടെയും കേരളത്തിന്റെയും വിധി തീരുമാനിക്കുക.

ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍
(ടീം – മത്സരം – ജയം – തോല്‍വി – നെറ്റ് റണ്‍ റേറ്റ് – പോയിന്റ് എന്നീ ക്രമത്തില്‍)

ഗ്രൂപ്പ് എ

1. മുംബൈ – 6 – 5 – 1 – +1.952 – 20

2. കേരളം – 6 – 5 – 1 – +1.916 – 20

3. ത്രിപുര – 6 – 3 – 3 – +0.485 – 12

ഗ്രൂപ്പ് ബി

1. വിദര്‍ഭ – 6 – 5 – 1 – +1.701 – 20

2. ജാര്‍ഖണ്ഡ് – 6 – 4 – 2 – +0.542 – 16

3. മഹാരാഷ്ട്ര – 6 – 4 – 2 – +0.542 – 16

ഗ്രൂപ്പ് സി

1. ഹരിയാന – 6 – 6- 0 – +.2.214 – 24

2. കര്‍ണാടക – 6 – 5 – 1 – +1.273 – 20

3. ഉത്തരാഖണ്ഡ് – 6 – 4 – 2 – +0.633

ഗ്രൂപ്പ് ഡി

1. രാജസ്ഥാന്‍ – 5 – 5 – 0 – +1.682 – 20

2. ഗുജറാത്ത് – 5 – 3 – 1 – +1.082 – 14

3. ഹിമാചല്‍ പ്രദേശ് – 5 – 3 – 2 – +0.042 – 12

ഗ്രൂപ്പ് ഇ

1. ബംഗാള്‍ – 5 – 4 – 1 – +2.355 – 16

2. മധ്യപ്രദേശ് – 6 – 4 – 2 – +0.478 – 16

3. തമിഴ്‌നാട് – 5 – 4 – 1 – +0.336 – 16

Content highlight: Chances of Kerala and Mumbai in Vijay Hazare Trophy

We use cookies to give you the best possible experience. Learn more