| Tuesday, 9th May 2023, 3:40 pm

ഒന്നാമതുള്ള ഗുജറാത്ത് മുതല്‍ പത്താം സ്ഥാനത്തുള്ള ദല്‍ഹിക്ക് വരെ കപ്പടിക്കാം; കാല്‍ക്കുലേറ്ററെടുത്തോ ടീമേ, കണക്കിലെ കാര്യങ്ങള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഒരാള്‍ക്ക് പോലും പ്രവചിക്കാന്‍ സാധിക്കാത്ത രിതീയിലാണ് ഐ.പി.എല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വിജയപരാജയങ്ങള്‍ ടൂര്‍ണമെന്റിന്റെ തന്നെ ഗതി മാറ്റി മറിക്കുമ്പോള്‍ ആര്‍ക്കും പിടികൊടുക്കാത്ത പോയിന്റ് പട്ടികയാണ് കാര്യങ്ങള്‍ അതിസങ്കീര്‍ണമാക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് മത്സരത്തിന്റെ വിധി കൂടിയായതോടെ പോയിന്റ് പട്ടിക കൂടുതല്‍ കുഴപ്പിക്കുന്നതായി. അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുകയറിയ നിതീഷ് റാണയും സംഘവും പ്ലേ ഓഫിലേക്ക് തന്നെയാണ് തങ്ങളുടെ യാത്രയെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

11 മത്സരത്തിലെ എട്ട് വിജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് നിലവില്‍ പ്ലേ ഓഫിലെ തങ്ങളുടെ സാധ്യതകള്‍ ഉറപ്പിച്ചിരിക്കുന്നത്. പ്ലേ ഓഫില്‍ കടക്കുന്ന മറ്റ് മൂന്ന് ടീമുകള്‍ ഏതൊക്കെ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തന്നെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വരെ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാര്‍ മുതല്‍ എട്ടാം സ്ഥാനക്കാര്‍ക്ക് വരെ പത്ത് പോയിന്റാണുള്ളത്. ഇതില്‍ ആറാം സ്ഥാനത്തുള്ള ആര്‍.സി.ബിയും എട്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സും പത്ത് മത്സരമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന ബെംഗളൂരു-മുംബൈ മത്സരത്തിലെ വിജയികള്‍ക്ക് 12 പോയിന്റാവുകയും പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സാധിക്കും. അഥവാ ഇന്ന് നടക്കുന്ന മത്സരം ഏതെങ്കിലും കാരണവശാല്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഇരു ടീമിനും 11 പോയിന്റ് വീതമാവുകയും പട്ടിക ഒന്നുകൂടി സങ്കീര്‍ണമാവുകയും ചെയ്യും.

പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരായ ദല്‍ഹി ക്യാപ്പിറ്റല്‍സിനും സണ്‍റൈസേഴ്‌സിനും പത്ത് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റാണുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇരുവര്‍ക്കും 16 പോയിന്റാവുകയും പ്ലേ ഓഫില്‍ പ്രവേശിക്കാനും സാധിച്ചേക്കും.

ഇവരുടെ നാല് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും പരസ്പരം ഏറ്റുമുട്ടേണ്ട സാഹചര്യമില്ലാത്തതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ചാല്‍ അടിവാരത്ത് നിന്ന് ഇരുവര്‍ക്കും മുകള്‍ത്തട്ടിലെത്താനും പ്ലേ ഓഫ് കളിക്കാനും സാധിച്ചേക്കും.

11 മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ശേഷിക്കുന്ന മൂന്ന് മത്സരത്തിലും വിജയിച്ച് 6 പോയിന്റ് നേടാനാകും മൂവരും ശ്രമിക്കുക.

പോയിന്റുകള്‍ തുല്യമായാല്‍ നെറ്റ് റണ്‍ റേറ്റ് തന്നെയാകും പ്ലേ ഓഫിലേക്കുള്ള ടീമുകളെ തീരുമാനിക്കുക.

(ഐ.പി.എല്‍ പോയിന്റ് ടേബിളിന്റെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)

Content Highlight: Chances of IPL teams to qualify to the play offs

Latest Stories

We use cookies to give you the best possible experience. Learn more