അർജന്റീന- ഫ്രാൻസ് പ്രീക്വാർട്ടർ സംഭവിക്കുമോ? കാത്തിരിപ്പോടെ ഫുട്ബോൾ പ്രേമികൾ
2022 Qatar Worldcup Football
അർജന്റീന- ഫ്രാൻസ് പ്രീക്വാർട്ടർ സംഭവിക്കുമോ? കാത്തിരിപ്പോടെ ഫുട്ബോൾ പ്രേമികൾ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 10:01 pm

ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ അവസാനത്തോട് അടുക്കുമ്പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന തരത്തിലാണ് ലോകകപ്പ് മത്സരങ്ങൾ മുന്നോട്ട് പോകുന്നത്.
ഇതുവരെ നെതർലൻഡ്സ് , ഇംഗ്ലണ്ട്, യു.എസ്.എ, സെനഗൽ എന്നീ ടീമുകൾക്ക് മാത്രമാണ് പ്രീ ക്വാർട്ടറിലെ എതിരാളികളെ തീരുമാനിക്കപ്പെട്ടത്.
നെതർലൻഡ്സിന് യു.എസ്.എയും, ഇംഗ്ലണ്ടിന് സെനഗലുമാണ് എതിരാളികൾ. വമ്പന്മാരായ എതിരാളികൾ തമ്മിൽ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കും എന്നാണ് ആരാധക പ്രതീക്ഷ.

അർജന്റീന-ഫ്രാൻസ് മത്സരമാണ് പ്രീ ക്വാർട്ടറിൽ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു സൂപ്പർ പോരാട്ടം. ഫ്രാൻസ് ഗ്രൂപ്പ്‌ ഡി ജേതാക്കൾ ആകുകയും അർജന്റീന സി ഗ്രൂപ്പിൽ രണ്ടാമതെത്തുകയും ചെയ്‌താൽ അർജന്റീന-ഫ്രാൻസ് മത്സരത്തിന് അരങ്ങൊരുങ്ങും. എന്നാൽ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ പോലും പൂർത്തിയാകുന്നതിന് മുമ്പ് നിരവധി അട്ടിമറികൾ നടന്ന ലോകകപ്പ് വേദിയിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ല.

ഫ്രാൻസ്-അർജന്റീന പോരാട്ടം സംഭവിക്കുകയാണെങ്കിൽ കടുത്ത മത്സരം തന്നെയാകും ആരാധകരെ കാത്തിരിക്കുന്നത്. ഡെന്മാർക്കിനോടും ഓസ്ട്രേലിയയോടും ആധികാരികമായ വിജയം നേടി ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയ ഫ്രാൻസ് ഏത് ടീമിനും ശക്തമായ വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളവരാണ്.
മികച്ച ഫോമിൽ കളിക്കുന്ന കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാൻ, ഒലിവർ ജിറൂദ്, ഒസ്മാൻ ഡെമ്പലെ തുടങ്ങിയ ലോകോത്തര താരങ്ങൾ അടങ്ങിയ ഫ്രഞ്ച് സ്‌ക്വാഡിനെ മറികടക്കാൻ ഒട്ടും എളുപ്പമല്ല.

എന്നാൽ സൗദിയോട് അപ്രതീക്ഷിതമായി പരാജയം വഴങ്ങേണ്ടി വന്നെങ്കിലും മെക്സിക്കോയെ തകർത്തെറിഞ്ഞ് അർജന്റീനയും പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. ആരാധകർ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ ഡിബാല, ഡിമരിയ, ലൗത്താരോ മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ഉൾപ്പെടുന്ന അർജന്റൈൻ നിരയേയും എഴുതിതള്ളാൻ സാധിക്കില്ല. ഒത്തൊരുമയോടെ കളിച്ച് 36 കളികളോളം പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമിന് ഏത് കരുത്തരെയും മറികടക്കാൻ സാധിക്കും.

പോളണ്ടിനെതിരെ ഡിസംബർ ഒന്നിനാണ് അർജന്റീനയുടെ നിർണായക മത്സരം. പോളണ്ടിനെ തോൽപ്പിക്കാനായാൽ അർജന്റീനക്ക്‌ പ്രീ ക്വാർട്ടർ ഉറപ്പിക്കാം.

Content Highlights: chances leads to argentina france world cup pre quarter match