സൗദി പ്രോ ലീഗിൽ റൊണാൾഡോയെ അൽ നസർ സൈൻ ചെയ്തതിന് തൊട്ടുപിന്നാലെ സൂപ്പർ താരങ്ങൾക്കായുള്ള നെട്ടോട്ടത്തിലാണ് സൗദി പ്രോ ലീഗിലെ മറ്റു വമ്പൻ ക്ലബ്ബുകൾ. അൽ നസറിന്റെ ചിര വൈരികളും സൗദി പ്രോ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നുമാണ് അൽ ഹിലാൽ.
റൊണാൾഡോയെ അൽ നസർ ടീമിലെത്തിച്ചതിന് പിന്നാലെ അൽ ഹിലാൽ ലയണൽ മെസിയെ തങ്ങളുടെ ടീമിലെത്തിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ മെസിയുടെ അൽ ഹിലാലുമായുള്ള സൈനിങ് വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമല്ല എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
അറബ് മാധ്യമമായ ദി ന്യൂ അറബ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം മെസിയുടെ പിതാവായ ജോർജ് മെസി റിയാദിൽ എത്തിയെന്നും അൽ ഹിലാൽ അധികൃതരുമായി ചർച്ചക്ക് സാധ്യതയുണ്ടെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മെസിയുടെ ഏജന്റിന്റെ റോളിൽ ക്ലബ്ബ് അധികൃതരുമായി ചർച്ചകൾ നടത്താനാണ് മെസിയുടെ പിതാവ് റിയാദിൽ എത്തിയതെന്നും ദി ന്യൂ അറബ് റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്.
കൂടാതെ ലോകകപ്പ് നേടുകയും ഇപ്പോഴും മികച്ച ഫോമിൽ ലോകത്തിലെ ഏറ്റവും മികച്ച പ്ലെമേക്കർമാരിലൊരാളായി കളം നിറഞ്ഞു കളിക്കുകയും ചെയ്യുന്ന മെസി തങ്ങളുടെ ക്ലബ്ബിലെത്തിയാൽ 300 മില്യൺ യൂറോ വരെ പ്രതിഫലം നൽകാൻ അൽ ഹിലാൽ തയ്യാറാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ റൊണാൾഡോയെ അൽ നസർ ടീമിലെത്തിച്ചതോടെ മെസിയെ സ്വന്തമാക്കേണ്ടത് അൽ ഹിലാലിന് അഭിമാന പ്രശ്നമാണെന്നും റിപ്പോർട്ടിലുണ്ട്.
മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ ഈ സീസണിന്റെ അവസാനത്തോടെ പൂർത്തിയാവുകയും മെസി തുടർന്ന് ഫ്രീ ഏജന്റായി മാറുകയും ചെയ്യും.
എന്നാൽ മെസിയുമായുള്ള കരാർ തുടരാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് പി.എസ് ജി മാനേജ്മെന്റ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. കൂടാതെ മെസി ബാഴ്സലോണയിലേക്ക് പോകുന്നത് തടയണമെന്നും 2024 വരെ മെസിയെ പി.എസ്.ജിയിൽ നിലനിർത്തണമെന്നും പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം ഒരു ഇടവേളക്ക് ശേഷം ഏഞ്ചേഴ്സിനെതിരെയുള്ള മത്സരത്തിൽ മെസി വീണ്ടും പി.എസ്.ജിക്കായി ബൂട്ട് അണിഞ്ഞു. മത്സരത്തിൽ ഒരു ഗോൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
Content Highlights:chances increase messi to play at Al Hilal; Messi’s father arrives in Riyadh for talks; Report