ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത് 56 ഹരജികള്‍. അനുബന്ധ ഹരജികളായി ഒമ്പതെണ്ണവും ഉണ്ട്. പുനഃപരിശോധനാ ഹരജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30-നു വിധി പറയും. ജഡ്ജിമാരായ റോഹിന്‍ടണ്‍ നരിമാന്‍, എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ള മറ്റംഗങ്ങള്‍.
മറുപടി ലഭിക്കുന്ന ചോദ്യം
യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28-നു നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നുവോ ഇല്ലയോ?
ആവശ്യം അംഗീകരിച്ചാല്‍: യുവതീപ്രവേശത്തിനായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹരജിയില്‍ ആദ്യം മുതല്‍ വീണ്ടും വാദം കേള്‍ക്കും. അതിനു മുന്നോടിയായി യുവതീപ്രവേശ വിധി റദ്ദാക്കാം.
പുനഃപരിശോധ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍: പിഴവു തിരുത്തല്‍ ഹരജി നല്‍കാം.
പുനഃപരിശോധനാ ഹരജി നല്‍കിയവര്‍
കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, വൈക്കം ഗോപകുമാര്‍, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോന്‍, പി.സി ജോര്‍ജ് തുടങ്ങിയ വ്യക്തികള്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ ഫോറം, കേരളാ ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, മലബാര്‍ ക്ഷേത്ര ട്രസ്റ്റ് സമിതി, യോഗക്ഷേമ സഭ, ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റ്, ഓള്‍ കേരളാ ബ്രാഹ്മിണ്‍സ് അസോസിയേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍.
ഉത്തരവിന്റെ സ്വഭാവം
ഹരജികള്‍ തള്ളുന്നുവെങ്കില്‍. പുനഃപരിശോധനയ്ക്കു തക്ക കാരണങ്ങളില്ലെന്നു വ്യക്തമാക്കി ഏതാനും വാക്യങ്ങളില്‍ ഉത്തരവ് അവസാനിപ്പിക്കാം. അല്ലെങ്കില്‍, ആവശ്യം നിരസിക്കുന്നതിന്റെ കാരണങ്ങള്‍ നല്‍കാം. പുനഃപരിശോധനയ്ക്കാണു തീരുമാനമെങ്കില്‍, കാരണങ്ങള്‍ വ്യക്തമാക്കാം.
നിലപാടുകള്‍ എങ്ങനെ?
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതി. എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു. മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ബെഞ്ചിലെ പുതുമുഖം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിധി നല്‍കിയവരില്‍ നിലവിലെ ബെഞ്ചിലുള്ള മൂന്നുപേര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചവരാണ് എന്നതിനാല്‍, ഇവര്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നാല്‍ പുനഃപരിശോധന പരിഗണിക്കാനാവില്ല എന്നതായിരിക്കും ഭൂരിപക്ഷ നിലപാട്.