ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാന്‍ സൂര്യക്ക് സാധിക്കുന്നില്ല. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചെങ്കിലും തിയേറ്റര്‍ റിലീസില്ലാതിരുന്നത് താരത്തിന് തിരച്ചടിയായിരുന്നു. മികച്ച പ്രതികരണം ലഭിച്ച ജയ് ഭീമും ഒ.ടി.ടി റിലീസായിരുന്നു.
വന്‍ ഹൈപ്പില്‍ തിയേറ്റര്‍ റിലീസായെത്തിയ എതര്‍ക്കും തുനിന്തവന്‍ പ്രതീക്ഷിച്ച വിജയം നേടാതിരിക്കുകയും രണ്ടരവര്‍ഷത്തോളം ഷൂട്ട് ചെയ്ത കങ്കുവ സൂര്യയുടെ തമിഴിലെ ഏറ്റവും വലിയ പരാജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ ടൈര്‍ 3 നടന്മാര്‍ വരെ സൂര്യയെ മറികടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
തമിഴിലെ പുതിയ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥനാണ് ബോക്‌സ് ഓഫീസില്‍ സൂര്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന പുതിയ നടന്‍. പ്രദീപിന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണ്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വേള്‍ഡ്‌വൈഡായി 50 കോടി കളക്ട് ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 27 കോടിയോളം സ്വന്തമാക്കി.
സൂര്യയുടെ പാന്‍ ഇന്ത്യന്‍ ചിത്രം കങ്കുവയുടെ ഓപ്പണിങ് വീക്കെന്‍ഡ് കളക്ഷനെ ഇതോടെ ഡ്രാഗണ്‍ മറികടന്നു. കങ്കുവയുടെ തമിഴ്‌നാട് കളക്ഷനും ഡ്രാഗണ്‍ അധികം വൈകാതെ മറികടക്കാന്‍ സാധ്യതയുണ്ട്. 38 കോടി മാത്രമാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. സൂര്യയുടെ അടുത്ത ചിത്രമായ റെട്രോയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ ഇത് ആദ്യമായല്ല പ്രദീപ് സൂര്യയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ അതേവര്‍ഷം റിലീസായ പ്രദീപിന്റെ ലവ് ടുഡേ മറികടന്നിരുന്നു. 38 കോടി എതര്‍ക്കും തുനിന്തവന്‍ നേടിയപ്പോള്‍ 68 കോടിയാണ് ലവ് ടുഡേ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. സൂര്യയുടെ കരിയര്‍ ഹൈയസ്റ്റ് തമിഴ്‌നാട് കളക്ഷനും പ്രദീപ് മറികടന്നിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 നേടിയ 60 കോടിയാണ് ലവ് ടുഡേ മറികടന്നത്.
ഓ മൈ കടവുളേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരന്‍, കയേദു ലോഹര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തിയത്. സംവിധായകരായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, കെ.എസ്. രവികുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ അശ്വതും ചെറിയൊരു വേഷത്തില്‍ ഡ്രാഗണില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Content Highlight: Chances for Pradeep Ranganathan to break Surya’s Tamil Nadu collection for second time