|

സി.പി.ഐ.എം, സി.പി.ഐ മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ദ്ധനവുണ്ടായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

CPIM

തിരുവനന്തപുരം: നിയമസഭാകക്ഷി നേതാവായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുത്തതോടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ബുധനാഴ്ച തന്നെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമെന്നാണ് സൂചന. സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ദ്ധനവുണ്ടായേക്കും. അതേസമയം ഒരംഗം മാത്രമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കില്ല.

മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സി.പി.ഐ.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുമുന്നണിയിലെ കക്ഷികള്‍ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച്ചയോടെ സര്‍ക്കാരിന്റെ ഏകദേശം ചിത്രം തെളിയും.
സി.പി.ഐ.എമ്മില്‍ നിന്ന് ഇ.പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, കെ.കെ.ശൈലജ എന്നിവര്‍ മന്ത്രിസഭയില്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. കടകംപള്ളിസുരേന്ദ്രന്‍, വി.കെ.സി മമ്മദ് കോയ, ടി.പി രാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി.എന്‍.രവീന്ദ്രനാഥ്, എം.എം.മണി, ജി.സുധാകരന്‍, ഐഷാ പോറ്റി, ജെ.മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ പേരുകളും ഇപ്പോള്‍ മന്ത്രിസഭയിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇടതു സ്വതന്ത്രനായി മൂന്നാംവട്ടം ജയിച്ചു കയറിയ കെ.ടി. ജലീല്‍ മന്ത്രിസഭയിലെത്താന്‍ സാധ്യതയേറെയാണ്.

പാര്‍ട്ടിയിലെ പദവി, സീനിയോറിറ്റി, സാമുദായിക സമവാക്യങ്ങള്‍, ജില്ലാ പ്രാതിനിധ്യം തുടങ്ങി വിവിധ ഘടങ്ങള്‍ പരിഗണിച്ചായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.

ഘടകകക്ഷികളില്‍ സി.പി.ഐയില്‍ നിന്ന് വി.എസ്.സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ജെ.ഡി.എസില് നിന്ന് മാത്യൂ ടി. തോമസ് വീണ്ടും മന്ത്രിയായേക്കാം. എന്‍.സി.പിയില്‍ എ.കെ.ശശീന്ദ്രനും, തോമസ് ചാണ്ടിയും പരിഗണിക്കപ്പെടുന്നു.