| Monday, 6th October 2014, 7:10 pm

തരൂരിനെതിരെ നടപടിക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ശശി തരൂരിനെതിരെ നടപടിയെടുക്കാന്‍ സാധ്യത. തരൂരിനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂട്ടായി ആലോചിച്ചതിന് ശേഷമായിരിക്കും തീരിമാനം എടുക്കുകയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് നടപടി. ശശി തരൂരിനെതിരെ നേരത്തെ എം.എം ഹസന്‍, പി.ലിജു, വി.ടി ബല്‍റാം എന്നിവരും രംഗത്ത് വന്നിരുന്നു.

നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന തരൂരിന്റെ പ്രസ്താവന അപലപനീയമാണെന്നും തരൂരിനെതിരെ പാര്‍ട്ടിയില്‍ വിയോജിപ്പ് ശക്തമാണെന്നും ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം തരൂരിനോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടും സംഭവം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

അതേ സമയം, തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തരൂര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാവിനെ അനുകൂലിക്കുന്നത് ബി.ജെ.പിക്കുള്ള പിന്തുണയല്ലെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള പിന്തുണയായി ഇതിനെ കാണേണ്ടതില്ലെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു.

തരൂരിനെ ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കിയതിന് മോദിയെ തരൂര്‍ പ്രശംസിച്ചിരുന്നു.

We use cookies to give you the best possible experience. Learn more